രാമനാട്ടുകര: യുവാവിന് നേരെ പോലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പുതുക്കോട് കൊടക്കല്ലിങ്ങല്‍ ശ്രീനാഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴക്കാട് എസ്ഐയും സംഘവും നടത്തിയ അക്രമം ദേശീയ ശ്രദ്ധയില്‍കൊണ്ടു വരും. അര്‍ദ്ധരാത്രി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരായ മാതാപിതാക്കളെയും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്യുന്നത് മനുഷ്യത്വ രഹിതവും നീചവുമാണ്. ഇത്തരം പ്രവര്‍ത്തികള്‍ പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. പോലീസിനെ ഉപയോഗിച്ചുകൊണ്ട് സിപിഎം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്. യാതൊരു കേസിലും പ്രതിയല്ലാത്ത ശ്രീനാഥിന്റെ വീട്ടില്‍ പോലീസെത്തി അക്രമം നടത്തിയത് ഒരു ന്യായീകരണവുമില്ലാത്ത പ്രവൃത്തിയാണെന്നും വിഷയം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: