കേരളത്തില്‍ കാട്ടുനീതി: ശ്രീധരന്‍ പിള്ള

Wednesday 24 May 2017 8:51 am IST

മലപ്പുറം: കേരളത്തില്‍ നടക്കുന്നത് കാട്ടുനീതിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍പിള്ള. പ്രതികരിക്കുന്നവരെ അടിച്ചൊതുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കേസിന്റെ ഉത്തരവാദിത്തം ഡിജിപിയുടെ തലയില്‍ മാത്രം കെട്ടിവെക്കുന്നത് ശരിയല്ല. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം. പോലീസ് നടപടി നിഷ്ഠൂരം: ചെന്നിത്തല മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ച്, അറസ്റ്റു ചെയ്ത പോലീസ് നടപടി നിഷ്ഠൂരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ സര്‍ക്കാരോ മുഖ്യമന്ത്രിയോ അവരെ വിളിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറായില്ല. പോലീസ് നടപടി സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ്. മനുഷ്യത്വരഹിതമായ സമീപനം: ഉമ്മന്‍ചാണ്ടി മലപ്പുറം: ഡിജിപിയുടെ ഓഫീസിന് മുന്നില്‍ നടന്നത് സമരമല്ലെന്നും മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദീനരോദനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു പ്രണോയിയുടെ അമ്മയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി മനുഷ്യത്വരഹിതമാണ്. പോലീസിനെ വിട്ട് അടിച്ചൊതുക്കുന്നതിന് പകരം ഉന്നത ഉദ്യോഗസ്ഥര്‍ അവരോട് സംസാരിച്ച് നീതി ലഭ്യമാക്കുകയായിരുന്നു ചെയ്യേണ്ടത്. ഒരു സിപിഎം കുടുംബമാണ് ജിഷ്ണുവിന്റെതെന്ന് കോടിയേരിയും കൂട്ടരും മറക്കരുത്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം: കോടിയേരി മലപ്പുറം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ മുന്‍നിര്‍ത്തി ചിലര്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹിജക്കും ഭര്‍ത്താവിനുമൊപ്പം ബിജെപി പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. സമരക്കാരെ പോലീസ് ആസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമാണുണ്ടായത്. ജിഷ്ണുവിന്റെ കുടുബത്തിനോട് സര്‍ക്കാരിന് ശത്രുതയില്ല. ചിലര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. മാര്‍ക്‌സിസ്റ്റുകാര്‍ക്കും ജീവിക്കാന്‍ പറ്റാതായി: ഹസ്സന്‍ കൊച്ചി: മഹിജയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും വീഴ്ചയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം.എം. ഹസ്സന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നിട്ടും സിപിഎം ഭരണത്തില്‍ പോലീസില്‍ നിന്ന് അവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ തികഞ്ഞ പരാജയമാണ്. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത പിണറായി ആഭ്യന്തരം ഒഴിയണം. ഒരു സ്ത്രീക്ക് നല്‍കേണ്ട പരിഗണന പോലും പോലീസ് നല്‍കിയില്ല. പോലീസ് നടപടി പ്രാകൃതം തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ അടക്കമുള്ളവരെ ആക്രമിച്ച പോലീസ് നടപടി പ്രാകൃതമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമരക്കാരെ നേരിടാന്‍ പോലീസ് കാണിച്ച ചങ്കൂറ്റം പ്രതികളെ പിടിക്കാന്‍ പോലീസ് കാട്ടിയില്ല. ജനാധിപത്യ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. പോലീസ് അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി.വിനിലും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്താവനയില്‍ പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത നിഷ്ഠുര മര്‍ദ്ദനം: രാധാകൃഷ്ണന്‍ കൊച്ചി: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും നിഷ്ഠൂരമായ മര്‍ദ്ദന മുറയാണെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെ നടന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന അറിയിക്കാനെത്തിയവര്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അഴിഞ്ഞാട്ടത്തിനുള്ള അനുമതിയാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നല്‍കിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ പ്രാകൃതമായ മര്‍ദ്ദന മുറകളും, തെറിയഭിഷേകവുമാണ് മഹിജയ്ക്ക് നേരെ നടന്നത്. ഒരു വശത്ത് രോഹിത് വെന്മുലയുടെ അമ്മയ്ക്ക് ആദരവും, മറുവശത്ത് ജിഷ്ണുവിന്റെ അമ്മയ്ക്ക് തൊഴിയും, ചവിട്ടുമാണ് ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.