ദലൈലാമയ്ക്ക് അരുണാചല്‍ സന്ദര്‍ശിക്കാം: ഇന്ത്യ

Wednesday 24 May 2017 7:23 am IST

ബീജിങ്: ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ക്കേണ്ട കാര്യം ചൈനക്കില്ലെന്ന് ഇന്ത്യ. ആത്മീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് അരുണാചല്‍ സന്ദര്‍ശിക്കാമെന്നും ഇത് ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുജുവാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ദലൈലാമ അരുണാചലിലെത്തിയത്. 2009നു ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ തടഞ്ഞത്. എന്നാല്‍, ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആസ്ഥാനമായ തവാങ് ഉള്‍പ്പെടുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ അവരുടെ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് അധികാരമുണ്ടെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മന്ത്രിയായ കിരണ്‍ റിജ്ജുജുവും ലാമയ്‌ക്കൊപ്പമുണ്ട്. ഇന്നലെ വെസ്റ്റ് കാമെങ് ജില്ലയിലെ ബോംദിലയിലെത്തിയ ദലൈലാമയ്ക്ക് ഗംഭീര സ്വീകരണം നല്‍കി. ഇവിടെ നിന്ന് തവാങ്ങിലേക്ക് പോകും. ആറാം ദലൈലാമയുടെ ജന്മസ്ഥലമെന്ന നിലയിലാണ് തവാങ് പ്രശസ്തം. 1683ലാണ് ആറാം ലാമയുടെ ജനനം. ഇവിടം സന്ദര്‍ശിക്കുന്നതിലാണ് ചൈനയ്ക്ക് ഏറെ എതിര്‍പ്പ്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്നും അരുണാചലും അതിനൊപ്പമെന്നുമാണ് അവര്‍ പറയുന്നത്. ദക്ഷിണ ടിബറ്റ് എന്നാണ് അരുണാചലിനെ ചൈന വിളിക്കുന്നത്. ടിബറ്റ് ചൈനയുടേതെന്നതു പോലെ അരുണാചല്‍ ഇന്ത്യയുടേതെന്നും അവിടത്തെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ലാമ തവാങ്ങിലെത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനെന്നാണ് ചൈനീസ് നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.