ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ റോഡിന് ശ്രീനാരായണഗുരുദേവന്റെ പേരിടണമെന്ന് ശ്രീനാരായണ ഗ്ലോബല്‍ മിഷന് ദേശീയ പ്രസിഡന്റ് ഡോ. ആര് ബാലശങ്കര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമയോ ഛായാചിത്രമോ സ്ഥാപിക്കണമെന്നും ബാലശങ്കര്‍ ആവശ്യപ്പെട്ടു.
ഈയാവശ്യവുമായി ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ എംപിമാരുടേയും ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. അനുഭാവപൂര്‍വ്വമായ നടപടികള്‍ പ്രതീക്ഷിക്കുന്നതായും മിഷന് പ്രസിഡന്റ് പറഞ്ഞു. ശ്രീനാരായണ ഗ്ലോബല്‍ മിഷന് ദല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ പദ്മവിഭൂഷണ് കെ.ജെ യേശുദാസിനും പദ്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിനും ഏപ്രില്‍ 13ന് സ്വീകരണം നല്‍കും.
വൈകിട്ട് 6ന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ കുര്യന്, കേന്ദ്രടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, ഓംചേരി എന്‍എന്‍പിള്ള എന്നിവര്‍ പങ്കെടുക്കും. തണ്ടര്‍ഫോഴ്സ്, സഞ്ചന ജോണ്‍ ആന്റ് പാര്‍ട്ടി ആനന്ദ് ട്രസ്റ്റും എസ്എന്ജിഎമ്മുമായി സഹകരിച്ചാണ് പരിപാടിയെന്ന് ദല്‍ഹി ഘടകം പ്രസിഡന്റ് പ്രസന്നന് പിള്ള, ജി. ശ്രീദത്തന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: