വാദ്യമഴയായ് പെയ്തിറങ്ങി പെരുവനം പൂരം...

Wednesday 5 April 2017 8:32 pm IST

പെരുവനം പൂരം പുറത്തേക്കെഴുന്നള്ളത്ത്‌

ചേര്‍പ്പ്: താളമേളങ്ങള്‍ പെരുമഴയായ് പെയ്തിറങ്ങിയ സന്ധ്യയില്‍ ജനസഹസ്രങ്ങളെ ഭക്തിലഹരിയിലാറാടിച്ച് പെരുവനം പൂരം. പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നടവഴിയില്‍ രാവു മുഴുവന്‍ നീണ്ട നാദവിസ്മയങ്ങളളോടെ നടന്ന പെരുവനം പൂരം ദര്‍ശിക്കാന്‍ ആയിരങ്ങളത്തെി. ആദ്യപൂരം നാലുമണിയോടെ അഞ്ച് ആനകളോടെ പെരുവനം ശങ്കരനാരായണന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയില്‍ കടലാശേരി പിഷാരിക്കല്‍ ഭഗവതിയുടെതായിരുന്നു.
പെരുവനം പൂരത്തില്‍ പങ്കെടുക്കാന്‍ ആറാട്ടുപുഴ ശാസ്താവ് വൈകീട്ട് നാലോടുകൂടി വലിയ പാണികൊട്ടി പഞ്ചാരിമേളം മൂന്നാംകാലത്തോടെ പുറത്തേക്ക് എഴുന്നള്ളി. ആറരയോടെ തെക്കേ നടയില്‍ അണിനിരന്നു. പെരുവനം കുട്ടന്‍മാരാരുടെ പാണ്ടിമേളം ആസ്വാദകര്‍ക്ക് കുളിര്‍മഴയായി. മഹാദേവന്റെ മണ്ഡപത്തില്‍ 11 ദേവിദേവന്മാര്‍ എഴുന്നള്ളുന്നതോടെ ആറാട്ടുപുഴ, ചാത്തകുടം ശാസ്താക്കന്മാരുടെ എഴുന്നള്ളിപ്പുകള്‍ അവസാനിച്ചു.
വൈകീട്ട് ഏഴരയോടെ ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം എഴുന്നള്ളി. ഏഴു ആനകളോടൊപ്പം പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ മേളം കൊട്ടിക്കയറി. രാത്രി ഊരകത്തമ്മ സ്വര്‍ണാലംകൃതമായ പട്ടുക്കുട ചൂടി പെരുവനത്ത് തൊടുകുളത്തിന്റെ കരയില്‍ എഴുന്നള്ളിയെത്തി.
പാണ്ടിമേളത്തിന് ശേഷം വെളുപ്പിന് നാലോടുകൂടി പെരുവനം നടവഴിയില്‍ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നടന്ന മേളത്തില്‍ 250 ഓളം കലാകാരന്മാര്‍ പങ്കെടുത്തു. ഇന്ന് രാവിലെ ഏഴോടെ മേളം കഴിഞ്ഞാല്‍ ചേര്‍പ്പ് ഭഗവതിയും അയ്കുന്ന് ഭഗവതിയും കൂടി തൊടുകുളത്തില്‍ ആറാട്ടുനടത്തും. പെരുവനം തെക്കേനടയില്‍ ആറാട്ടുപുഴ ശാസ്താവുമായി ഉപചാരത്തിനുശേഷം തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ പെരുവനം പൂരത്തിന് സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.