വിസി ഓഫീസില്‍ വരുന്നില്ല; കേരള സര്‍വകലാശാല ഭരണം സ്തംഭനത്തില്‍

Wednesday 24 May 2017 7:50 am IST

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറും തമ്മിലുള്ള രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. വൈസ് ചാന്‍സലര്‍ ഓഫീസില്‍ വരാത്തതിനാല്‍ സര്‍വകലാശാല ഭരണം സ്തംഭനാവസ്ഥയിലാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പിട്ട് നല്‍കാന്‍ വിസി ഓഫീസിലെത്തണമെന്നതിനാല്‍ ഒരാഴ്ചയായി സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കുന്നില്ല. ഇതോടെ ഉപരിപഠനത്തിന് പോകേണ്ടവരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. സിന്‍ഡിക്കേറ്റിന്റെ അനാസ്ഥയില്‍ നഷ്ടമാകുന്നത് കോടികളും. മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന പര്‍ച്ചെയ്‌സ് ഫണ്ടുള്‍പ്പെടെയുള്ളതിന്റെ വിതരണവും തടസ്സപ്പെട്ടു. സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലിരുന്നാണ് വിസി ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഏപ്രില്‍ 1ന് നടത്താനിരുന്ന അക്കാദമിക് കൗണ്‍സില്‍ മാറ്റിവച്ചു. ഇതോടെ അക്കാദമിക് തല പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍, സ്‌കീമുകള്‍, സിലബസ്, പരീക്ഷകള്‍, പരീക്ഷാ ഫലങ്ങള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളിലൊന്നും ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പകരക്കാരുടെ നിമനവും നിലച്ചു. സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫെസിലറ്റേറ്റേഴ്‌സ് എന്നീ പ്രധാനയോഗങ്ങള്‍ കൂടേണ്ട സമയമാണിത്. സെനറ്റ് നാലുമാസത്തിലൊരിക്കലും സിന്‍ഡിക്കേറ്റ് രണ്ട് മാസത്തിലൊരിക്കലുമാണ് കൂടേണ്ടത്. അത്യാവശ്യഘട്ടങ്ങളിലൊക്കെ ഇവ രണ്ടും കൂടാറുണ്ട്. ബോര്‍ഡ് ഓഫ് സ്റ്റഡീസും 16 അംഗ ഫെസിലിറ്റേറ്റേഴ്‌സ് യോഗവും നടക്കാത്തത് സിലബസ് പരിഷ്‌കരണവും ജേണലുകളുടെ അംഗീകാരവും തടസ്സപ്പെടുത്തും. വിസിക്കെതിരെ സിന്‍ഡിക്കേറ്റ് കടുത്ത നിലപാടെടുത്തതോടെ മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലച്ചു. കോടിക്കണക്കിന് രൂപയുടെ പര്‍ച്ചേസാണ് പാസാക്കാനാകാതെ വന്നത്. ഇത് സര്‍വ്വകലാശാല പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിട്ടുണ്ട്. യുജിസി നല്‍കിയ ഒമ്പത് കോടിയില്‍ ഒരു രൂപപോലും ചെലവാക്കാനായിട്ടില്ല. ചാന്‍സലേഴ്‌സ് അവാര്‍ഡ് ഇനത്തില്‍ ലഭിച്ച അഞ്ച്‌കോടിയും ബാങ്കില്‍ കിടക്കുകയാണ്. കഴിഞ്ഞതവണത്തെ സെനറ്റ് അംഗീകാരം നല്‍കിയ ബജറ്റിലെ ഒരു പദ്ധതിപോലും നടപ്പിലായിട്ടില്ല. ദൈനംദിന പ്രവര്‍ത്തനത്തിനാവശ്യമായ തുകപോലും അനുവദിക്കാനാകാത്ത സ്ഥിതിയാണ്. സിന്‍ഡിക്കേറ്റിലെ തര്‍ക്കത്തില്‍ സ്റ്റാഫ്‌കോര്‍ട്ടേഴ്‌സ് നിര്‍മാണം ഇപ്പോഴും ചുവപ്പുനാടയിലാണ്. ഇതിനുമപ്പറും കോടികളാണ് സര്‍വകലാശാലയ്ക്ക് നഷ്ടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.