കേസരി സാഹിത്യോത്സവം 9 മുതല്‍, പറവൂരില്‍

Wednesday 24 May 2017 7:37 am IST

കൊച്ചി: കേസരി എ. ബാലകൃഷ്ണപിള്ളയുടെ 128-ാമത് ജന്മദിനത്തോടനുബന്ധിച്ച് പറവൂരില്‍ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സംഘടിപ്പിക്കും. ഏപ്രില്‍ 9,10,11 തീയതികളിലെ സാഹിത്യത്സോവത്തില്‍ അഞ്ചു ഭാഷകളില്‍ നിന്ന് അന്‍പതോളം എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 9ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേസരി സെമിനാര്‍, കവി സമ്മേളനം, സാഹിത്യത്തിന്റെ സമകാലികത, പുതുകാല നോവല്‍, പുതിയ കഥ, കലയും ആവിഷ്‌കാര സ്വാതന്ത്ര്യവും പാരമ്പര്യവും മതനിരപേക്ഷതയും ദക്ഷിണേന്ത്യന്‍ സാഹിത്യം ഇന്ന്, പറവൂരിന്റെ പൈതൃകം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച. മലയാളത്തിലെ എഴുത്തുകാരെ കൂടാതെ വിവേക് ഷാന്‍ ബാഗ്, കെ. സത്യനാരായണ (കന്നട), ചോ ധര്‍മ്മന്‍, സല്‍മ, കെ.എസ്. വെങ്കിടാചലം (തമിഴ്), എല്‍.ആര്‍. സ്വാമി, ശിവറെഡ്ഡി (തെലുങ്ക്), ദാമോദര്‍ മൗസോ, ആര്‍.എസ്. ഭാസ്‌കര്‍ (കൊങ്കിണി) തുടങ്ങിയവരും പങ്കെടുക്കും. കേസരി ബാലകൃഷ്ണപിള്ള താമസിച്ചിരുന്ന പറവൂരിലെ മാടവനപ്പറമ്പില്‍ കേരളത്തിലെ എല്ലാ എഴുത്തുകാരും അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു. അതിന്റെ പുനഃസൃഷ്ടിയാണ് സാഹിത്യോത്സവം.  ഈ ദിവസങ്ങളില്‍ പറവൂര്‍ അംബേദ്കര്‍ പാര്‍ക്കില്‍ സംസ്‌കാര-2017 എന്ന പേരില്‍ സാംസ്‌കാരികോത്സവവുമുണ്ടാകും. പ്രശസ്ത സാഹിത്യകാരന്‍ സേതുവാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സംഘാടക സമിതി ചെയര്‍മാന്‍ വി.ഡി. സതീശന്‍ എംഎല്‍എ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സേതു, ജനറല്‍ കണ്‍വീനര്‍ എസ്. ശര്‍മ്മ, പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.