കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

Monday 11 July 2011 4:40 pm IST

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ വൈകിട്ട്‌ അഞ്ചു മണിക്ക്‌ നടക്കും. ഇതു സംബന്ധിച്ച്‌ അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന്‌ കണ്ടിരുന്നു. ഇത്‌ നാലാം തവണയാണ്‌ പ്രധാനമന്ത്രി സോണിയയെ കാണുന്നത്‌. കേരളത്തില്‍ നിന്നും ഇ.അഹമ്മദിന് സ്വതന്ത്ര ചുമതല നല്‍കിയേക്കും. വകുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. പ്രവാസികാര്യം, ന്യൂനപക്ഷ ക്ഷേമം വകുപ്പുകള്‍ അഹമ്മദിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം ഉണ്ടാകില്ല. ഇപ്പോള്‍ സഹമന്ത്രിമാരായിരിക്കുന്ന ചിലര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായിട്ടോ ക്യാബിനറ്റ് മന്ത്രിമരായിട്ടോ സ്ഥാനക്കയറ്റം നല്‍കും. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ദിനേശ് ത്രിവേദി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സൂചനകളുണ്ട്. കോണ്‍ഗ്രസിന്റെ ഒന്നോ രണ്ടോ മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്. ദയാനിധി മാരന്‍, മുരളി ദേവ്‌റ എന്നിവര്‍ രാജി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഇവരുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ട് അന്തിമ തീരുമാനം ഉണ്ടാകും.