ഹര്‍ത്താല്‍ പൂര്‍ണം

Wednesday 24 May 2017 6:05 am IST

ഹർത്താലിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ BJP, BDJS, UDF പ്രവർത്തകർ നടത്തിയ പ്രതിക്ഷേധ പ്രകടനങ്ങൾ.

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളടക്കം നടത്തിയിട്ടില്ല.

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. പോലീസ് വാഹനങ്ങള്‍ സമാന്തര സര്‍വീസ് നടത്തുന്നുണ്ട്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ വാഹനം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. വിഴിഞ്ഞത്തും വാഹനങ്ങള്‍ തടഞ്ഞു. മറ്റ് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കട-കമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്.

പോലീസ് നടപടിക്കെതിരെ കേരളമെങ്ങും വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. യുഡിഎഫും ബിജെപിയുമടക്കം നിരവധി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. യുഡിഎഫ് മാര്‍ച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഉദ്ഘാടനം ചെയ്തു.

മഹിജയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരു പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എം.ജി റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഹൈക്കോടതി പരിസരത്ത് അവസാനിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. ഇന്‍ഫോ പാര്‍ക്കില്‍ ഹാജര്‍നില കുറവായിരുന്നു. ഷൊര്‍ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.

സിപിഎമ്മിന് സ്വാധീനമുള്ള ജിഷ്ണുവിന്റെ നാടായ വളയത്തും ഹര്‍ത്താലിനോട് അനുകൂല പ്രതികരണമാണ്. കടകള്‍ തുറന്നിട്ടില്ല. അപൂര്‍വമായാണ് വാഹനങ്ങള്‍ പുറത്തിറങ്ങിയത്.

ആര്‍എംപി അടക്കമുള്ള സംഘടനകള്‍ വിഷയത്തില്‍ പ്രതിഷേധവുമായി വടകര മേഖലയില്‍ രംഗത്തുണ്ട്. അനിഷ്ട സംഭവങ്ങളില്ല. വലിയ ജാഗ്രത പോലീസും കാണിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.