മലപ്പുറം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേരള മന്ത്രി സഭയ്ക്കു വലിയ മാറ്റങ്ങള്‍ വരുമെന്നാണ് സൂചന. നിലവിലുള്ള പല മന്ത്രിമാരും മാറുമത്രെ. കേമന്മാരാവുമെന്നു വിചാരിച്ച പലരും കഴിവുകെട്ടവരാണ്. ചില മന്ത്രിമാരുടെ പേരുപോലും ജനത്തിന് അറിയില്ല. മന്ത്രി മണിയാണെങ്കില്‍ വാതുറന്നാല്‍ വിവാദം. ഇതെല്ലാം മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനും പേരുദോഷം ഉണ്ടാക്കിയിട്ടുണ്ട്. ഇതു പ്രതിപക്ഷം മാത്രം പറയുന്നതല്ല, സിപിഎമ്മും സമ്മതിക്കുന്നു. എട്ടുമാസംകൊണ്ട് പേരുദോഷം മാത്രമേ സര്‍ക്കാരിനുള്ളൂ. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരിടേണ്ടിവന്ന പോലീസിന്റെ കൊടും മര്ദനംകൂടിയായപ്പോള് പോലീസിനു വിശേഷിച്ചും നിലയില്ലാക്കയമായിരിക്കുകയാണ്.
പോലീസിനു പുതിയമുഖം നല്കാന് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയാകുമെന്നും സബചനയുണ്ട്. കുറച്ചുകാലങ്ങളായി ഇടതു ഭരണം വന്നാല്‍ ആഭ്യന്തരം കോടിയേരിക്കാണ്. അതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. കോടിയേരി ആഭ്യന്തരം ഭരിച്ചാല്‍ മകനും സില്ബന്ധികളുമാകും സൂപ്പര്‍ ആഭ്യന്തര മന്ത്രിമാരെന്നു സഖാക്കള്ക്കറിയാം. മകന്റെ പേരുകൊണ്ടു തന്നെ അത്യാവശ്യം നാശകൂശമായതാണ് രണ്ടു തവണയും കോടിയേരിയുടെ ആഭ്യന്തരം.
പണ്ട് പാര്‍ട്ടി സെക്രട്ടറിക്കായിരുന്നു ഗമ. ഇന്ന് അതിനെക്കാള്‍ പദവി മന്ത്രിക്കാണ്. കോടിയേരി പാര്‍ട്ടി സെക്രട്ടറിയാണെങ്കിലും അങ്ങനെ ഒരാള്‍ ഉണ്ടെന്ന് കോടിയേരിക്കു പോലും തോന്നിയിട്ടില്ല. ഇടതിനു ഭൂരിപക്ഷം കിട്ടിയപ്പോള്‍ കോടിയേരിക്കല്ലാതെ പിന്നെയാര്‍ക്കാണ് ആഭ്യന്തരമെന്നായിരുന്നു എല്ലാവരുടേയും തോന്നല്‍. കുറഞ്ഞപക്ഷം കോടിയേരിക്കെങ്കിലും. മനസില്‍ ആഭ്യന്തര മന്ത്രിക്കുപ്പായവും തയ്ച്ച് കാണും കോടിയേരി. പക്ഷേ അടുത്തകാലത്ത് കോടിയേരിയെ ശരിക്കും പിണറായി അറിഞ്ഞുതുടങ്ങിയതുകൊണ്ടാണ് ആഭ്യന്തരം കോടിയേരിക്കു കിട്ടാതിരുന്നത്. പിണറായിക്കെതിരെ സിപിഎമ്മില്‍ തന്നെയുള്ള കണ്ണൂര്‍ ശത്രുക്കളുടെ നേതാവ് കോടിയേരി സഖാവാണെന്ന ധാരണയും കുറെക്കാലമായി പരന്നിട്ടുണ്ട്.
എട്ടുമാസംകൊണ്ട് പിണറായി മന്ത്രി സഭയിലെ മിക്കവാറും വകുപ്പുകളെല്ലാം ദുര്‍ബലമാണെന്നു വ്യക്തമായി. കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് പോലീസാണ്. മന്ത്രിമാര്‍ മാറിയതുകൊണ്ടോ ഉപദേശകര്‍ വന്നതുകൊണ്ടോ നന്നാവുന്നതല്ല വകുപ്പുകള്‍. കാലങ്ങളായി മാറിമാറി വന്ന സര്‍ക്കാരുകളുടേയും കൂടി പിടിപ്പുകേടുകൊണ്ടു കൂടിയാണ് ഇതെല്ലാം വഷളായത്. പിണറായി വിചാരിച്ചാല്‍ മാറാത്ത പോലീസിനെ കോടിയേരിക്കു മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. പിന്നെ വെറുതെയൊരു പോലീസ് മന്ത്രി എന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: