വിഷു അടുത്തു; വില കുറയാതെ വിപണി

Wednesday 24 May 2017 12:49 am IST

  കൊച്ചി: വിഷുക്കണിക്കും, സദ്യയ്ക്കുമായി പച്ചക്കറിയും, പഴങ്ങളും വാങ്ങിയാല്‍ ഇത്തവണ കീശ കാലിയാകും. പൊതുവിപണിയില്‍ നിത്യോപയോഗവസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റമാണ്. പച്ചക്കറികള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നത്. അഞ്ചു മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന. പലതിനും മൂന്നിരട്ടി. ഇളവന്‍, ബീന്‍സ്, കാരറ്റ്, ചെറുനാരങ്ങ എന്നിവയ്ക്കാണ് വന്‍ വര്‍ധന. ഒരു മാസം മുമ്പ് കിലോയ്ക്ക് 12 രൂപയായിരുന്ന ഇളവന് ഇപ്പോള്‍ 35 രൂപയാണ് വില. 50 രൂപയുണ്ടായിരുന്ന ബീന്‍സ് 70 രൂപയായി. 20 രൂപയില്‍നിന്ന് ചെറുനാരങ്ങ 60 ലെത്തി. 14 രൂപയ്ക്ക് കിട്ടിയിരുന്ന കാരറ്റിന് 50 രൂപയായി. അഞ്ച് രൂപയുണ്ടായിരുന്ന മത്തങ്ങ 16 രൂപയിലെത്തി. ചേനയുടെ വില 25ല്‍ നിന്നും 31 ആയി ഉയര്‍ന്നു. മറ്റ് പച്ചക്കറികള്‍ക്കും 25 ശതമാനം വരെ വില വര്‍ദ്ധനവുണ്ടായി. പൈനാപ്പിള്‍, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ക്കും 45 ശതമാനത്തോളം വില വര്‍ദ്ധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തില്‍ വലിയ തോതിലുണ്ടായ കുറവാണ് വില വര്‍ദ്ധനവിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ഈയാഴ്ചത്തെ കണക്ക് പ്രകാരം പച്ചക്കറിയുടെ വരവില്‍ 40 ശതമാനത്തോളം കുറവാണുണ്ടായിട്ടുള്ളത്. ഒരു വിഭാഗം ലോറിസമരം താത്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും ചരക്ക് നീക്കം പൂര്‍ണ്ണ രീതിയില്‍ ആയിട്ടില്ല. സ്ഥിതി തുടര്‍ന്നാല്‍ വിഷു നാളിലും വിലയില്‍ കാര്യമായ കുറവുണ്ടാകില്ല. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യത കുറവും തമിഴ്‌നാട്ടില്‍ നിന്നുള്ള വരവിനും തിരിച്ചടിയായിട്ടുണ്ട്. അഞ്ച് വര്‍ഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ല പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേരളത്തില്‍ ആവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കപ്പെടാത്തതും വീഴ്ചയായി. പ്രധാനമായും തമിഴ്‌നാട്, മൈസൂര്‍ എന്നിവിടങ്ങില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടുവരുന്നത്. നിലവില്‍ ഇവിടങ്ങളിലെ ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. കോയമ്പത്തൂരില്‍ പച്ചക്കറി സീസണ്‍ അവസാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്താതിരുന്നാല്‍ സംസ്ഥാന വിപണിയില്‍ വന്‍ വിലക്കയറ്റം സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.