ഹര്‍ത്താല്‍ പൂര്‍ണ്ണം

Friday 7 April 2017 12:27 am IST

കൊച്ചി: സംസ്ഥാനത്ത് ബിജെപിയും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍  ജില്ലയില്‍ പൂര്‍ണ്ണം. ഇരു ചക്രവാഹനങ്ങളും, ചിലസ്വകാര്യ വാഹനങ്ങളും  സര്‍വ്വിസ് നടത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. 
ജില്ലാ ആസ്ഥാനത്തെ 80 സര്‍ക്കാര്‍ ഓഫീസുകളില്‍ 60 എണ്ണം പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ കുറവായിരുന്നു. ഐടി മേഖലയെ ഹര്‍ത്താല്‍ ബാധിച്ചു. കാക്കനാട്, ആലുവ, അങ്കമാലി, മരട്, വാരാപുഴ, കളമശ്ശേരി, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, പറവൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഹര്‍ത്താലിനെ അനുകൂലിച്ച്  ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടന്നു. 
പ്രകടനത്തിന് ജില്ലാ, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.  കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, എഡിഎം സി.കെ. പ്രകാശ് എന്നിവരൊഴികെ ജില്ലാ മേധാവികളാരും തന്നെ എത്തിയിരുന്നില്ല. ജില്ലാ ട്രഷറി തുറന്നെങ്കിലും ഇടപാടുകള്‍ നടന്നില്ല. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എസ്ബിഐ അടഞ്ഞു കിടന്നു. പശ്ചിമകൊച്ചിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായി.
 മട്ടാഞ്ചേരി ബസാര്‍, മലഞ്ചരക്ക് വിപണി, ചെറളായി പാലസ് റോഡ് തോപ്പുംപടി തുടങ്ങി പ്രധാന വിപണികളെല്ലാം അടഞ്ഞു കിടന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്ക് വാഹനങ്ങള്‍ ചരക്കിറക്കിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഫോര്‍ട്ടുകൊച്ചിയിലെ ജങ്കാര്‍, ഫെറി സര്‍വ്വീസുകള്‍ പ്രവര്‍ത്തിച്ചില്ല.കൊച്ചി തുറമുഖത്തും വല്ലാര്‍പാടം ടെര്‍മിനലിലും ചരക്കിറക്ക് സ്തംഭിച്ചു. 
മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റ് അടഞ്ഞുകിടന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ലോറികള്‍ക്ക് ചരക്കിറക്കാനായില്ല. നാടന്‍ പച്ചക്കറി ലേലം ഇന്നത്തേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.