ജില്ലയില്‍ പിണറായി പക്ഷം പിടിമുറുക്കുന്നു

Friday 7 April 2017 12:31 am IST

കൊച്ചി: സിപിഎം എറണാകുളം, വൈറ്റില, ഏരിയ സെക്രട്ടറിമാരെ മാറ്റുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. എറണാകുളം ഏരിയ സെക്രട്ടറി സി. എന്‍. സീനുലാല്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍. സതീഷ് എന്നിവരെയാണ് മാറ്റുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 
വൈറ്റില ഏരിയ സെക്രട്ടറി വിഎസ് പക്ഷക്കാരനാണ്. എസ് ശര്‍മ്മ മന്ത്രിയായിരുന്നപ്പോല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എറണാകുളം ഏരിയ സെക്രട്ടറി സീനുലാല്‍ പിണറായി പക്ഷക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ എം.എ. ബേബിയുടെ ചേരിയിലാണ്. എറണാകുളത്ത് അഡ്വ. എം. അനില്‍കുമാറിന്റേയും അടുത്തിടെ ഗ്രൂപ്പ് മാറി പിണറായി പക്ഷത്ത് എത്തിയ മുന്‍ കൗണ്‍സിലര്‍ കെ.വി. മനോജിന്റേയും പേരുകളാണ് പരിഗണനയില്‍. 
വൈറ്റിലയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉദയകുമാര്‍ ഇടപ്പള്ളി, തുളസിദാസ് എന്നിവരുടെ പേരുകളാണ് ഏരിയ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇരുവരും ഏരിയകമ്മറ്റിയംഗങ്ങളാണ്. 
ജില്ലയിലെ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളാണ് ഈ രണ്ട് ഏരിയ കമ്മറ്റികളും. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ജില്ല പൂര്‍ണ്ണമായും വരുതിയിലാക്കാനാണ് പിണറായി പക്ഷത്തിന്റെ ശ്രമം. പിണറായിയുമായി അകല്‍ച്ചയിലായ ജില്ലാ സെക്രട്ടറി പി. രാജിവ്, ബേബി-ഐസ്‌ക് ചേരിക്കാരാണ്. ജില്ലയിലെ പിണറായി പക്ഷത്തെ പ്രമുഖന്‍ ജിസിഡിഎ ചെയര്‍മാര്‍ സി.എന്‍. മോഹനനെ മുന്‍നിര്‍ത്തിയാണ് പിണറായി പക്ഷം കരുക്കള്‍ നീക്കുന്നത്.
വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയകേസില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റവിമുക്തനാക്കിയതും ഈ നീക്കത്തിന്റെ ഭാഗമാണ്. രാജീവിന്റെ വലംകൈയായിരുന്ന സക്കീര്‍ ഇപ്പോള്‍ പിണറായി പക്ഷത്താണ്. സക്കീറിനെ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിക്കാന്‍ കളമശേരി ഏരിയ കമ്മറ്റി വിഭജിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കോലഞ്ചേരി ഏരിയ കമ്മറ്റിയും രണ്ടാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.