ജില്ലാബാങ്ക് സമരം അവസാനിപ്പിച്ചു രജിസ്ട്രാര്‍ക്കെതിരെ നടപടിക്ക് നീക്കം

Friday 7 April 2017 12:29 am IST

കാക്കനാട്:  കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി ജില്ലാ സഹകരണ ബാങ്ക് ഭരണം തിരിച്ചുപിടിക്കാനുള്ള മുന്‍ ഭരണസമിതിയുടെ ശ്രമം വിജയിച്ചില്ല. ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി രജിസ്റ്ററില്‍ ഒപ്പു വെയ്ക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചു മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
കോടതി അലക്ഷ്യത്തിന് രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ പ്രസിഡന്റ് എന്‍.പി. പൗലോസ് പറഞ്ഞു. നിലവിലുള്ള അനുകൂല വിധി നേടി ചുമതലയേല്‍ക്കാന്‍ വന്ന മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ചുമതല നല്‍കാന്‍ ബാങ്ക് ജനല്‍ മാനേജര്‍ അംഗീകരിച്ചില്ല. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കാക്കനാട്ടെ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ അനുകൂല കോടതി വിധിയുമായി മുന്‍ പ്രസിഡന്റ് എന്‍.പി. പൗലോസ് ഉള്‍പ്പെടെ യു.ഡി.എഫിന്റെ പത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണു ബാങ്ക് ആസ്ഥാനത്ത് ചുതമലയേല്‍ക്കാന്‍ എത്തിയത്.
   എന്നാല്‍ ബാങ്ക് ജനറല്‍ മാനേജര്‍ പ്രഡിഡന്റിനെ രജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാന്‍ അനുമതി നല്‍കിയില്ല. മുന്‍ പ്രസിഡന്റിനേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിച്ചെടുക്കാന്‍ രജിസ്ട്രാര്‍ക്കാണ് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ട് രജിസ്ട്രാറില്‍ നിന്ന് ഉത്തരവില്ലാതെ ഇതിന് അനുമതി നല്‍കാന്‍ തനിക്ക് അധികാരമില്ലെന്ന് ജനറല്‍ മാനേജര്‍ ബി. ഓമനക്കുട്ടന്‍ വ്യക്തമാക്കി. 
നിലവിലെ ഭരണസമിതിയെ പിരിച്ചു വിട്ടതു ചോദ്യം ചെയ്ത് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി, സര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കി. 
എന്‍.പി. പൗലോസിന്റെ നേതൃത്തിലുള്ള ഭരണസമിതിയോട് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ചയുണ്ടായ കോടതി വിധി അറിയില്ലെന്ന് പറയുന്ന രജിസ്ട്രാര്‍, കോടതിയെയും ജനാധിപത്യത്തേയും വിഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് എന്‍.പി. പൗസോസ് ആരോപിച്ചു. 
   യുഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരി 18 നാണ് ക്വാറം ഇല്ലെന്ന കാരണത്താല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ നിര്‍വഹണ സമിതി അന്ന് ഉച്ചക്ക് ശേഷം ചുമതയേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.