ഭിന്നത രൂക്ഷം

Wednesday 24 May 2017 12:41 am IST

  കൊച്ചി/തിരുവനന്തപുരം/മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നത രൂക്ഷമായി. കടുത്ത സിപിഎം അനുഭാവി കുടുംബത്തില്‍ നിന്നുള്ള മഹിജയേയും ബന്ധുക്കളേയും ഇത്തരത്തില്‍ കൈകാര്യം ചെയ്തതിനെതിരെ സിപിഎമ്മിനുള്ളിലും ഘടകകക്ഷികളിലും പ്രതിഷേധം ഉയരുകയാണ്. പിണറായിയുടെ അനുയായി മന്ത്രി എം.എം. മണി ശക്തമായി ന്യായീകരിച്ചപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എതിര്‍ത്ത് രംഗത്തെത്തി. വിഎസാവട്ടെ താന്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് മഹിജയെ ഫോണില്‍ വിളിച്ചറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പോലീസിനെ ശക്തമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും നടപടിയെ ന്യായികരിച്ചു. മഹിജ ബിജെപിയുടെയും യുഡിഎഫിന്റെയും കൈയിലെന്നായിരുന്നു മണിയുടെ മലപ്പുറത്തെ പ്രതികരണം. അവരുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കഴിയാവുന്നതെല്ലാം ചെയ്തു. മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ തങ്ങളെ കാണാന്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് മഹിജ അന്നു പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പോകാതിരുന്നത്, മണി പറഞ്ഞു. മഹിജയ്ക്കു നേരെയുണ്ടായത് പോലീസ് പരാക്രമമാണെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ബേബി കുറിച്ചു. ഇടതു സര്‍ക്കാരിന്റെ പോലീസ് എങ്ങനെയായിരിക്കണമെന്ന് നിയമസഭയിലെ ഇഎംഎസിന്റെ പ്രസംഗവും ബേബി ഉദ്ധരിച്ചു. സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണ് ഇപ്പോഴത്തെ നടപടി. ജനങ്ങളുടെ പ്രതിഷേധത്തോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതു മനസ്സിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബേബി ആവശ്യപ്പെടുന്നു. പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണ്. സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പാടില്ലെന്ന വാദത്തില്‍ ന്യായമില്ല. പോലീസ് നടപടിയിലെ അപാകതയ്‌ക്കെതിരെയാണ് മഹിജ സമരത്തിനെത്തിയത്. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ അവിടെയും പാടുള്ളൂ. സമരത്താല്‍ പോലീസ് ആസ്ഥാനം അശുദ്ധമാകാന്‍ പാടില്ലെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ബേബി ചൂണ്ടിക്കാട്ടി. പോലീസ് നടപടി ഒഴിവാക്കേണ്ടിരുന്നുവെന്ന് കാനം പ്രതികരിച്ചു. നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ആയുധം വച്ചു നല്‍കി, കാനം പറഞ്ഞു. സമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന കാക്കിക്കുള്ളിലുള്ളവര്‍ക്ക് മനസിലാകില്ലെന്ന ധാരണ വന്നു, അദ്ദേഹം തുടര്‍ന്നു. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെ ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. സ്വാഭാവികമായ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലപ്പുറത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.