ദുര്‍ഭൂതം യൂറോപ്പില്‍ മാത്രമല്ല കേരളത്തിലും

Tuesday 23 May 2017 9:33 pm IST

കള്ളനെ പിടിക്കുമെന്നു പറഞ്ഞ് പോലീസായി വന്നവര്‍ കള്ളനെക്കാള്‍ വലിയ കൊള്ളക്കാരായി മാറിയാല്‍ എന്തുചെയ്യും. എട്ടുമാസമായ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസ്ഥ ഇതാണ്.എല്ലാത്തരത്തിലുംഅരുതാത്തതുമാത്രം സംഭവിക്കുമ്പോള്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിനെന്ന ചോദ്യം പൊതുജനങ്ങളില്‍ നിന്നുമാത്രമല്ല കൊടും സിപിഎംകാരില്‍ നിന്നു വരെ ഉയരുന്നുണ്ട് . പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും സിപിഎം നോതാക്കളുടേയും ഘടക കക്ഷി ഉന്നതരുടേയും അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ പോക്ക് ശരിയല്ലെന്നു വിലയിരുത്തുന്നതാണ്. ഭൂരിപക്ഷം ഉണ്ടായാല്‍ എന്തുസംഭവിച്ചാലും പിടിച്ചു നില്‍ക്കാം എന്നത് തെറ്റിദ്ധാരണയാണ്.ജനവിരുദ്ധമായ സര്‍ക്കാരിനു പലതരത്തിലും പിടിച്ചു നില്‍ക്കാനാവാത്ത ഗതികേടു വരും. അത്തരം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ് പിണറായി സര്‍ക്കാര്‍.കഴിഞ്ഞ ദിവസം മകന്റെ മരണത്തിനു ഉത്തരവാദിയായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തെ എങ്ങനെയാണ് പോലീസ് നേരിട്ടതെന്ന് ജനം കണ്ടു കഴിഞ്ഞു.നീതിതേടിയുള്ള ഒരമ്മയ്ക്കുമേല്‍ ബൂട്ടിട്ടു ചവിട്ടിയും മര്‍ദിച്ചും വലിച്ചിഴച്ചും അപമാനിച്ചും പോലീസ് കാണിച്ച അപമാനം ഇവിടെ ഒരു സര്‍ക്കാര്‍ ഇല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊടിയ പോലീസ് മര്‍ദനങ്ങളെ അതിജീവിച്ചവരാണ് തങ്ങളെന്നു പറയുന്ന കമ്യൂണിസ്റ്റു നേതാക്കള്‍ തങ്ങളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ അതിനേക്കാള്‍ വലിയ പോലീസ് ഭീകരത അഴിച്ചുവിട്ട് പൊതുജനങ്ങളോടു പ്രതികാരംചെയ്യുകയാണോ.അടിയന്തരാവസ്ഥക്കാലത്തുപോലും പോലീസ് തല്ലിച്ചതക്കാത്ത ഒരിഞ്ചുസ്ഥലംപോലും പിണറായി വിജയന്റെ ശരീരത്തില്‍ ബാക്കിയില്ലെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ തന്നെ പോലീസാണ് മഹിജ എന്ന അമ്മയെ വേട്ടയാടിയത്.കര്‍ക്കശക്കാരനായ പിണറായിയുടെ ഭരണം കേരളം കണ്ട ഏറ്റവും ജനകീയ ഭരണമായിരിക്കുമെന്ന് സിപിഎംകാര്‍തന്നെ കൊട്ടി്‌ഘോഷിച്ചതാണ്.അങ്ങനെ വിശ്വസിച്ചവരുമുണ്ടാകാം.എന്നാല്‍ ഇങ്ങനയൊരു ദുഷിച്ച ഭരണം കേരളം കണ്ടിട്ടില്ലെന്നത് പ്രത്യക്ഷ യാഥാര്‍ഥ്യമായി തീര്‍ന്നിരിക്കുന്നു.കഴിവില്ലാത്ത മന്ത്രിമാരും കെടുകാര്യസ്ഥതയുള്ള വകുപ്പുകളും.ഏറ്റവും ദുഷിച്ചതെന്നപേര് എന്തായാലും പോലീസിനു തന്നെ. പിണറായിയുടെ കമ്യൂണിസ്റ്റു ധാര്‍ഷ്ട്യവും ജാഡയും മൗനംകൊണ്ടുള്ള അഭ്യാസമൊന്നുംവിലപ്പോകില്ല. ജനക്ഷേമകരമായി ഭരിക്കാനുള്ള മനസുവേണം.കമ്യൂണിസ്റ്റുകള്‍ സ്വതവേ കൊണ്ടുനടക്കുന്ന നെഗറ്റീവ് ചിന്തകളും കാമ്പില്ലാത്ത പ്രതിഷേധങ്ങളും കൈവെടിയണം.കണ്ണു തുറന്നു ലോകത്തെ കാണണം.മനസു തുറന്നു ജനങ്ങളെ കാണണം.പക്ഷേ അതൊന്നും ഉണ്ടാവില്ല.കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ സ്റ്റാലിന്റെ മനസുള്ളവരാണ്.യൂറോപ്പിനെ ഒരു ദുര്‍ഭൂതം പിടികൂടിയിരിക്കുന്നവെന്നു കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍ പറഞ്ഞപോലെ കേരളത്തേയും ആ ദുര്‍ഭൂതം പിടികൂടിയിരിക്കുന്നു,കമ്യൂണിസം എന്ന ദുര്‍ഭൂതം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.