തപസ്വിയായ ശിവന്‍

Tuesday 23 May 2017 9:27 pm IST

കാളിദാസന്റെ ശിവനെയാണു ഞാന്‍ ആദ്യമായി തപസ്വിയായ ഒരു മനുഷ്യന്റെ മട്ടില്‍ കാണുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ തപസ്സിനു ഭംഗം വന്ന് പാര്‍വതിയെ കാണാന്‍ വരുന്ന ശിവന്റെ ചിത്രമായിരുന്നു അത്. ശിവന്‍ നടന്നു വരുന്നത് സ്ത്രീകള്‍ കിളിവാതിലുകളില്‍ കൂടി നോക്കുകയാണ്: ആരാണിത് എന്ന ചോദ്യമാണവരുടെ മനസ്സില്‍. ശിവന്റെ സ്വരൂപത്തിന്റെ മര്‍മ്മം പറഞ്ഞുതരികയായിരുന്നു അന്നു ഞങ്ങളെ സംസ്‌കൃതം പഠിപ്പിച്ചിരുന്ന ഈശ്വരവാരിയര്‍ സാര്‍. (സഞ്ചാരി എന്ന പേരില്‍ എഴുതിയിരുന്ന കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു സാറെന്ന് പിന്നെയാണ് ഞാനറിയുന്നത് ) വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിവരണം ഓര്‍മ്മയിലുണ്ട്. 'ജ്വലന്‍ ഇവ' എന്ന വാക്കുകള്‍ക്ക് ചുറ്റുമാണ് ആ വിവരണം ഭ്രമണം ചെയ്തത്. ആ രൂപം ജ്വലിക്കുന്നു-കത്തുന്നു- എന്ന പോലെയിരുന്നു എന്നാണു കാളിദാസന്‍ പറയുന്നത്. തപസ്സ് നിര്‍ത്തിയിട്ടും ശിവനില്‍ പ്രകടമായ ദീര്‍ഘ തപസ്സിന്റെ ശക്തിയാണ്, ആ ഐശ്വര്യമാണ് സ്ത്രീകളെ ആകര്‍ഷിച്ചത്. തപസ്സിന്റെ വിശുദ്ധി ജ്വാലയുടെ സ്വച്ഛതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നു എന്ന സന്ദേശമാണ് ആ ശിവന്‍ തന്നത്. (ഈ രംഗത്ത് ശിവന് ചേരുന്ന വ്യക്തി തന്നെയാണു പാര്‍വതി. തപസ്വിനിയാണു പാര്‍വതി.) ശിവനെക്കുറിച്ചു ചിന്തിക്കാന്‍ ഒരു ഹേതു ഉണ്ടായി. ബാലരാമപുരത്തുനിന്ന് ഒരാള്‍ എന്നെ വിളിച്ച് കുറെ ഗുണദോഷിച്ചു. ഗുരുവരത്തില്‍ നിങ്ങള്‍ എഴുതുന്നത് ബ്രാഹ്മണ്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്, നിങ്ങള്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണ് എന്നായിരുന്നു ആ വിമര്‍ശനത്തിന്റെ ഉള്ളടക്കം. അബ്രാഹ്മണമായ ഒരു ഗുരുമാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്ന ഒരാളായ ഞാന്‍ എങ്ങനെയാണ് ബ്രാഹ്മണ്യത്തെ പ്രോല്‍സാഹിപ്പിച്ചത് എന്ന് എനിക്ക് അത്ര മനസ്സിലായില്ല എങ്കിലും അയാള്‍ പറഞ്ഞതെല്ലാം കൗതുകകരമായി തോന്നി. ആദിമമായ അവൈദികമായ ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നുവെന്നും അതിന്റെ സമകാലികമായ കണ്ണിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ആ ആദിമസംസ്‌കാരം തൊഴിലിന്റെ സംസ്‌കാരമാണ്. പൂജാദികര്‍മ്മങ്ങളുടെ സംസ്‌കാരമല്ല. നെയ്ത്തും കൃഷിയും മണ്‍പാത്രനിര്‍മ്മാണവുമൊക്കെയായിരുന്നു പ്രകൃതിയോടിണങ്ങി ജീവിച്ച അന്നത്തെ മനുഷ്യന്‍ വ്യാപരിച്ച മേഖലകള്‍. അന്നത്തെ ഗുരു ശിവനായിരുന്നു. ശിവന്‍ വിവാഹിതനല്ലായിരുന്നു. കൊമ്പും തുമ്പിക്കയ്യും ഉള്ള മകന്‍ എന്നല്ല മക്കളേ ഉണ്ടായിരുന്നില്ല ശിവന്. ഇന്നത്തെ ഇന്ത്യക്കു പുറത്ത് (അന്ന് ഭാരതീയസംസ്‌കാരത്തിനു വളരെയധികം വ്യാപ്തി ഉണ്ടായിരുന്നു) മണ്‍പാത്രം നിര്‍മ്മിച്ചു ജീവിച്ച ഒരു തപസ്വി. നെയ്ത്തുകാരനായിരുന്ന തിരുവള്ളുവരെ പോലെ തൊഴിലിന്റെ അന്തസ്സ് ലോകത്തിനു ശിവനും കാണിച്ചുകൊടുത്തു. ശിവന്‍ തപസ്സു ചെയ്തു എന്ന് ശിവനെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലും കാണാം. നമ്മുടെ മൂക്കിനു താഴെ എന്ന പോലെ സംഭവിക്കുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും നമ്മള്‍ അറിയാറില്ല. അപ്പോള്‍ ആയിരക്കണക്കിനു കൊല്ലം മുന്‍പ് നടന്ന കാര്യങ്ങളെപ്പറ്റി നാം എന്തുപറയാന്‍. ബാലരാമപുരത്തെ സുഹൃത്ത് പറഞ്ഞത് വാസ്തവമല്ല എന്നു പറയാനും ഞാന്‍ ആളല്ല. നെയ്ത്ത്, കൃഷി എന്നിവ പാപമില്ലാത്ത തൊഴിലുകളാണ് എന്നു എന്റെ ഗുരുവും (കരുണാകരഗുരു) പറഞ്ഞിട്ടുണ്ട് (നെയ്ത്, കൃഷി, പാചകം, അറിവ് പകരല്‍ എന്നിവ പാപമില്ലാത്ത പ്രവൃത്തികള്‍ എന്നാണ്). തമിഴ് നാട്ടില്‍ രൂപപ്പെട്ട 'സിദ്ധ വൈദ്യം' ഏറ്റവും ആദ്യം ശിവന്‍ പാര്‍വതിക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് ഐതിഹ്യം. (നമ്മുടെ അധ്യാത്മരാമായണം വരെ ശിവന്‍ പാര്‍വതിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നാണ്) ലോകത്തെ ഏറ്റവും പഴയ ഭാഷയായ തമിഴിലാണ് ഈ വൈദ്യശാഖയുടെ ഗ്രന്ഥങ്ങള്‍. ശിവന്‍ വൈദ്യനുമായിരിക്കും. മറ്റൊന്നു കൂടി ഓര്‍മ്മയില്‍ വരുന്നു. ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഞാന്‍ ഗുരുവിനോട് ചോദിച്ചു, വലിയ ശരീരമുള്ള ഗണപതി ഒരു ചെറിയ എലിയുടെ മേല്‍ സവാരി ചെയ്യുന്ന സങ്കല്‍പം എങ്ങനെ വന്നിരിക്കാം എന്ന്. അത്തരത്തിലുള്ള ജീവജാലങ്ങളുടെ-ഗണങ്ങളുടെ-പതി, ആധ്യാത്മികചുമതലയുള്ളവന്‍, ആണ് ഗണപതി. ദര്‍ശനത്തില്‍ പ്രതീകാത്മകമായി കാണുന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു ശിവന്റെ കഴുത്തില്‍ സര്‍പ്പം കിടക്കുന്നതോ എന്ന്. ഗുരു പറഞ്ഞു: ശിവന്‍ തപസ്വിയായിരുന്നു. കാടുമായി ഇണങ്ങി കഴിഞ്ഞു. ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ സര്‍പ്പം ദേഹത്തു കയറിക്കിടന്നത് പിന്നീട് ദര്‍ശനത്തില്‍ കണ്ട് വരച്ചതാണ്. എനിക്കത് വളരെ വിശ്വാസ്യമായി തോന്നി, ഇപ്പോഴും തോന്നുന്നു. തൊഴിലും മരുന്നും ഒക്കെ മനുഷ്യര്‍ക്ക് പറഞ്ഞുകൊടുത്ത് സംസ്‌കാരം പകര്‍ന്ന ഒരു ആദിഗുരുവാണ് ശിവന്‍ എന്ന് അനുമാനിക്കാം. രാമന്റെയും രാവണന്റെയും ആരാധനാമൂര്‍ത്തിയായിട്ടാണ് ശിവനെ നാം അറിയുന്നത്. എന്നുവെച്ചാല്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന വലിയ ഗുരു. ഗുരുവും ദൈവവും എന്ന കണക്കിലാവും ശിവനെ നമ്മള്‍ ദൈവമായിക്കണ്ടുതുടങ്ങിയത്. 9961059304  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.