കുട്ടനാട്ടില്‍ കണ്ണീര്‍ക്കൊയ്ത്ത്; സര്‍ക്കാര്‍ കാഴ്ചക്കാര്‍

Tuesday 23 May 2017 9:19 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളിലെ നെല്ല് യഥാസമയം സംഭരിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി, സര്‍ക്കാര്‍ കാഴ്ചക്കാര്‍. മില്ലുടമകളും സപ്‌ളൈക്കോ ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപം. പാഡി ഓഫീസര്‍മാര്‍ വിഷയത്തില്‍ കൃത്യമായി ഇടപെടല്‍ നടത്തുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ഇത്തവണ കൊയ്ത്ത് തുടങ്ങിയപ്പോള്‍ മുതല്‍ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും മില്ലുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെല്ല് കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. മഴ എത്തിയതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. കിഴക്കേക്കര പുളിക്കക്കടവ് പാടശേഖരത്തിലെ 195 ഏക്കറിലെ കൊയ്ത നെല്ല് രണ്ടാഴ്ചയായി പാടശേഖരത്ത് കെട്ടിക്കിടക്കുകയാണ്. മില്ല് ഉടമകള്‍ 20 കിലോവരെ കിഴിവ് ആവശ്യപ്പെടുകയാണെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. പുഞ്ചക്കൊയ്ത്ത് അവസാനഘട്ടത്തില്‍ എത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുന്ന വിഷയത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. ലോറി സമരവും ഹര്‍ത്താലുകളും നെല്ല് സംഭരണത്തെ സാരമായി തന്നെ ബാധിച്ചു. നെല്ല് സംഭരിക്കാന്‍ സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ളതു മില്ലുടമകളെയാണ്. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ചുമതല സപ്ലൈകോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കാണ്. ഇത്തവണ പുഞ്ചക്കൃഷി ചെയ്ത 26,500 ഹെക്ടറില്‍ പകുതിയിലേറെ പാടശേഖരങ്ങളിലും നല്ല വിളവ് ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഉപ്പുവെള്ളം, കടുത്ത ചൂട് എന്നിവ കാരണം നെല്ല് മോശമാണെന്നാണ് മില്ലുടമകളുടെ നിലപാട്. ഒരു ക്വിന്റല്‍ നെല്ലിനു ശരാശരി ഏഴു മുതല്‍ 12 കിലോ വരെ കിഴിവെടുത്താണു മില്ലുടമകള്‍ നെല്ല് സംഭരിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഇതിന്റെ തോത് വളരെയേറെയാണ്. കോടി കണക്കിന് രൂപ വിലമതിക്കുന്ന നെല്ലാണ് ഇത്തരത്തില്‍ മില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കുന്നത്. സര്‍ക്കാരാകട്ടെ വിഷയത്തില്‍ ഇടപെടാതെ കാഴ്ച്ചക്കാരുടെ റോളിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.