അദ്ദേഹം ചിരിച്ചോട്ടെ, നമ്മളെ കരയിക്കണമോ

Tuesday 23 May 2017 8:31 pm IST

പരമ്പരയുടെ തുടക്കം അങ്ങനെയായിരുന്നു, നായകന്‍ ചിരിച്ചു നില്‍ക്കുന്ന മുഖം കാണിച്ചു. പലരും അത്ഭുതപ്പെട്ടു, ചിലര്‍ ആഹ്ലാദിച്ചു. ഏറെപ്പേര്‍ സമാധാനിച്ചു. നല്ലത്, ശരിയാകുമെന്ന് പ്രതീക്ഷിച്ചു. ഒക്കെ ശരിയാക്കുമെന്നായിരുന്നല്ലോ വാക്കും. അതെ, പറഞ്ഞുവരുന്നത് പിണറായി വിജയനെയും സര്‍ക്കാരിനെയും കുറിച്ചാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയന്റെ മുഖം മിനുക്കി പാര്‍ട്ടി സെക്രട്ടറി എന്ന 'മൂരാച്ചിത്ത'ത്തില്‍ നിന്ന് മുഖ്യമന്ത്രിത്തത്തിലേക്കുള്ള മേക്കപ്പിന് ഏറെ പണിപ്പെട്ടു പ്രചാരണപ്രവര്‍ത്തകര്‍. അവര്‍ പിണറായിയെ ചിരിപ്പിക്കാന്‍ ശ്രമിച്ചു; അധികാരത്തിലേറിയ ആദ്യ ആറുമാസം ചിരിപ്പിച്ച് കൊല്ലുമായിരുന്നു. മന്ത്രിമാരുടെ വിടുവായത്തം, മുഹമ്മദാലിയും ജയരാജനും, ബന്ധു നിയമനം, സാമ്പത്തിക ഉപദേഷ്ടാവ്, മാധ്യമ ഉപദേഷ്ടാവ് എന്നിങ്ങനെ. ഇപ്പോള്‍ കരയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പരീക്ഷയെഴുതിയ പത്താം ക്ലാസുകാരെ മുതല്‍ പരിരക്ഷ തേടിയ വീട്ടമ്മയെ വരെ കരയിച്ചു. എന്നല്ല, കേരളമാകെ കണ്ണീര് ഒഴുക്കിലാണ്. പിണറായി ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളം കരയുന്നു ! റൊണാള്‍ഡ് റീഗന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ, ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയ ചിരി വിശകലനം ചെയ്ത റഷ്യന്‍ ശാസ്ത്രജ്ഞരാണ് റീഗന് മാരകരോഗമാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് മാദ്ധ്യമം ബിബിസി ആദ്യം റിപ്പോര്‍ട്ടു ചെയ്തു. പിന്നീട്, അമേരിക്ക അത് അംഗീകരിച്ചു. റീഗന്‍ അര്‍ബുദബാധിതനായിരുന്നു. റീഗന്റെ ചിരിച്ച മുഖത്തോടെയുള്ള പ്രത്യക്ഷപ്പെടല്‍ ഇല്ലാത്ത ചിലത് ഇങ്ങനെയായിരിക്കാനും, ഉള്ളത് പലതും മറച്ചു വയ്ക്കാനുമായിരുന്നു. പക്ഷേ പൂച്ച പുറത്തു ചാടി. അങ്ങനെയാണ്, സ്വത്വം മറച്ചുവയ്ക്കാന്‍ ആര്‍ക്കും വിഷമമാണ്. പിണറായിയുടെ ചിരിക്ക്, റീഗന്റെ കാര്യത്തിലെന്നപോലെ ശാരീരികാരോഗ്യ പ്രശ്‌നവുമായൊന്നും ബന്ധമില്ല, അങ്ങനെയാകാതിരിക്കട്ടെ, മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കട്ടെയെന്ന് ആഗ്രഹിക്കാം. ആരോഗ്യപ്രശ്‌നമാണല്ലോ മുഖ്യമന്ത്രി പദത്തിന് കേരളത്തില്‍ അടിസ്ഥാന യോഗ്യതയിലൊന്ന്. ആദ്യ എപ്പിസോഡുകളിലെ പിണറായി പ്രകടനം ഞെട്ടിക്കല്‍ തന്നെയായിരുന്നു. വില്ലന്‍ കഥാപാത്രമായി മാത്രം അഭിനയിച്ചിരുന്ന ബാബുരാജ് എന്ന നടന്‍ ''സാള്‍ട്ട് ആന്‍ഡ് പെപ്പര്‍'' സിനിമയില്‍ കൈക്കൊണ്ട കഥാപാത്ര പകര്‍ച്ച ഓര്‍മിക്കുന്നില്ലേ, കൊട്ടാരക്കരക്കാരനായ പാചകകാരനായി വന്നത്. ബാബുരാജിന്റെ അഭിനയമാറ്റം ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് കുറെ തമാശ ചിത്രങ്ങളില്‍ അഭിനയിച്ചു, നോട്ടി പ്രൊഫസറില്‍ നായകനുമായി. പക്ഷേ ഏറെ നാള്‍ തല്‍സ്ഥിതി തുടരാനായില്ല. സ്റ്റോക്ക് തീര്‍ന്നു, സ്വത്വമാണ് പ്രശ്‌നം- ഉള്ളിലുള്ളത്. ചാര്‍ളി ചാപ്ലിനെപ്പോലുള്ള പ്രതിഭകള്‍ക്ക് ഹിറ്റ്‌ലറാകാം, വേണമെങ്കില്‍ ഈദി അമീനാകാം, സാദാ തൊഴിലാളിയാകാം, കാരണം, പ്രതിഭയാണ് ഉള്ളിലുള്ളത്. അതിനാല്‍ വിജയം ഉറപ്പ്. ഈദി ആമീന് ഒരിക്കലും ജീന്‍വാല്‍ജീനാകാന്‍ (പ്രൊഫ.എം. കൃഷ്ണന്‍നായര്‍ പൊറുക്കട്ടെ, ഴാങ് വെല്‍ഴാങ് എന്നോ മറ്റോ ആണ് ഉച്ചാരണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്നും ഏറെ പ്രചാരമുള്ളതും കേട്ടാല്‍ മനസിലാകുന്നതും ജീന്‍വാല്‍ജീനാണ്) കഴിയില്ല. ഈദി ആമീന് വിജയനാവാനാവില്ല, വിജയന് ഉള്ള് തുറന്ന് ചിരിക്കാനും. മുഖ്യമന്ത്രിയും പിണറായി വിജയനും രണ്ടാണ്, രണ്ടാകണം, രണ്ടായാലേ പറ്റൂ. ഭരണപരമായ പ്രശ്‌നങ്ങള്‍, പാര്‍ട്ടിപരമായ പ്രശ്‌നങ്ങള്‍, വ്യക്തിപരമായ പ്രശ്‌നങ്ങള്‍, കുടുംബപരമായ പ്രശ്‌നങ്ങള്‍. ഇങ്ങനെ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നു പുഞ്ചിരിക്കാനാവില്ല, പൊട്ടിച്ചിരിക്കാന്‍ തീരെയാവില്ല. ''കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണം അതേ വിദൂഷക ധര്‍മ്മം'' എന്ന് പ്രമാണം. കാരണം സദസിനെ ചിരിപ്പിക്കലാണ് വിദൂഷകന്റെ ജോലി. ഇവിടെ മുഖ്യമന്ത്രി വിദൂഷകനല്ല, അതിനാല്‍ ചിരിപ്പിക്കണ്ട, ചിരിക്കണമെന്ന് നിര്‍ബന്ധിക്കാനുമാവില്ല, പക്ഷേ ഒന്നു പറയാം, കരയിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിക്കും അവകാശവുമില്ല. കണ്ണീര് കുടിപ്പിക്കാന്‍ മുഖ്യമന്ത്രി വേണമെന്നില്ല. കരയുന്നവന്റെ കണ്ണീരൊപ്പാന്‍ കഴിയുന്നതാണ് ഭരണം. ആ ഭരണം നടത്തുകയാണ് മുഖ്യമന്ത്രിയുടെ ചുമതല. സൂത്രധാരന്റേതുപോലുള്ള ഉത്തരവാദിത്തമാണത്. വിദൂഷകനാകരുത്, വില്ലനാകരുത്, നായകന്‍ പോലുമാകരുത്. സൂത്രധാരന്റെ ധര്‍മ്മമാണ് നാടകം നേരായ വഴിക്ക് നടത്തുകയെന്നത്. അതിന്റെ അക്ഷരാര്‍ത്ഥം നോക്കി ചരട് വലിക്കുന്നവന്‍, കര്‍ട്ടന്‍ താഴ്ത്തുന്നവന്‍, എന്നൊക്കെ മാത്രം വ്യാഖ്യാനിക്കാന്‍ നോക്കരുത്. എപ്പോള്‍ തുടങ്ങണം, എവിടെ നിര്‍ത്തണം, ആര്, എപ്പോള്‍ അരങ്ങില്‍ വരണം, എന്ത് പറയണം എന്നെല്ലാം നിശ്ചയിച്ച് നാടകത്തെ ലക്ഷ്യത്തിലെത്തിക്കാനും അനുഭവിക്കുന്നവരെ ആസ്വദിപ്പിച്ച് വികാര വിമലീകരണം (കഥാര്‍സിസ്) നടത്താനുമുള്ള ചുമതലയാണ് സൂത്രധാരന്. ജീവിതം നാടകവേദിയാണെന്ന് പറയുംപോലെ ഭരണവും നാടകമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നതുപോലെ 'വെറും നാടകമല്ല'' നിഴല്‍ നാടകവുമല്ല' നാടിന്റെ അകംപുറം ചേര്‍ന്നുള്ള, നാടിനെ നാട്ടുകാരുമായി ചേര്‍ക്കുന്ന നാടകം. അതിലെ സൂത്രധാരന്‍ മുഖ്യമന്ത്രിയാകണം, പിണറായി വിജയനാകരുത്. പാര്‍ട്ടി സെക്രട്ടറിയായി, തുടര്‍ച്ചയയി 17 വര്‍ഷം എതിരാളികളെയും സ്വന്തം പാര്‍ട്ടിയിലെ വ്യക്തിവിരോധികളെയും പേടിപ്പിച്ചും പീഡിപ്പിച്ചും വെട്ടിയും തടഞ്ഞും പോരടിയുള്ള ശീലം, ഒടുവില്‍ മുഖ്യമന്ത്രിക്കസേര പിടിച്ചടക്കുന്നതുവരെ തുടര്‍ന്നു. ഇടയ്ക്ക് വര്‍ഗ ബഹുജന സംഘടനകള്‍ക്ക് പുറമേ ഒരു വിഭാഗം ജനതയുണ്ടായുണ്ടെന്നും അവരെയും വരുതിയിലോ സ്വാധീനത്തിലോ ആക്കിയാല്‍ മാത്രമേ മുഖ്യമന്ത്രി പദത്തിലെത്താനാവൂ എന്നും വന്നപ്പോഴാണ് ചിരിച്ചത്. (സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചിട്ടുണ്ടാവണം. മനസില്‍ ''ലഡ്ഡു പൊട്ടിച്ചിട്ടു''മുണ്ടാവണം.) പക്ഷേ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചപ്പോള്‍ ചിരി മാഞ്ഞുപോയി. സ്വത്വം പുറത്തുവന്നു. ധാര്‍ഷ്ട്യം പ്രകടമായി. തന്നിഷ്ടം നടപ്പാക്കി. തന്റേടം ബലമെന്ന് ധരിച്ചു. ഇരട്ടച്ചങ്കുണ്ടെന്ന വാഴ്ത്തലും സ്തുതിയും കൂടിയായപ്പോള്‍ വശപ്പിശകായി. കാര്യങ്ങള്‍ ആകെ അവതാളമായി. സൂത്രധാരന് ആരെയും നിയന്ത്രിക്കാനാവാതെയായി. അക്രമം നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പിണറായി അടിതട പഠിപ്പിച്ച് വളര്‍ത്തി വിട്ടവര്‍ ഭസ്മാസുരന്മാരെ പോലെ തിരിച്ചു കൊത്താന്‍ ചെന്നു. വായടയ്ക്കാനും പണിയെടുക്കാനും മുഖ്യമന്ത്രി പറഞ്ഞു. നാക്കുകൊണ്ട് ചിന്തിക്കുന്നവര്‍ വാക്കുകൊണ്ട് പിണറായിലെ ഇളിച്ചുകാട്ടി. കാക്കിയില്‍ ചെങ്കൊടി ആവേശിപ്പിച്ചത് പിണറായിയാണ്, വഴങ്ങുന്നുവെന്ന് വന്നപ്പോള്‍ പ്രശംസയായി തൊപ്പിയില്‍ ഒരു തൂവലും കൊടുത്തു. ആ പോലീസ് മുഖ്യമന്ത്രിക്കും വിലകൊടുക്കാതെ 'ജനശിക്ഷ' ശക്തമായി നടപ്പാക്കുന്നു. എന്നു വേണ്ട എല്ലാ തരത്തിലും വിനാശം മാത്രം. നാടകത്തില്‍ ഒരു സാദാ നടന്‍ മാത്രമായിരുന്ന കാലത്താണ് നായകനാകാന്‍ യോഗ്യന്‍ എന്ന് വൈതാളികര്‍ വാഴ്ത്തിയത്. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ 'പിണറായി മുഖ്യമന്ത്രിയാകാന്‍ യോഗ്യ'നെന്നായിരുന്നു വായ്ത്താരി. ചടയന്‍ ഗോവിന്ദന്റെ മരണത്തെതുടര്‍ന്ന് പാര്‍ട്ടിസെക്രട്ടറിയായ കാലത്തെ അച്ചടിമാധ്യമങ്ങള്‍ (1998) പലതും അങ്ങനെ പുകഴ്ത്തി. പക്ഷേ നായകനാകാന്‍ തീരെ യോഗ്യനല്ലെന്ന് തെളിയിച്ചു, ഏറ്റവും കുറഞ്ഞ നാള്‍ കൊണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പിന്നിലാക്കി. നായകനും സൂത്രധാരനും ഒന്നിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്ത് ഒരു തരത്തിലും വിജയിക്കില്ലെന്ന് സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. ശരിയാണ്, പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും പടലപിണക്കങ്ങളും ഭരണ പരാജയത്തിന് ഒരു കാരണമാകാം. മുഖ്യമന്ത്രിപദം മോഹിച്ചിരുന്നവര്‍, ഒതുക്കപ്പെട്ടവര്‍, അവഗണിക്കപ്പെട്ടവര്‍ എല്ലാം അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നുണ്ടാവാം. എന്നാല്‍, അതിനപ്പുറം, പാട്ടി പൊക്കിക്കൊണ്ടു നടന്ന ആശയത്തിന്റെ പ്രായോഗിക തലത്തിലെ പരാജയമാണ് അടിസ്ഥാന കാരണം. അതിനാല്‍, നാട്ടിന്‍പുറത്തെ ചൊല്ലുപോലെ ''മച്ചിപ്പശുവിനെ തൊഴുത്തുമാറ്റി കെട്ടിയാല്‍'' ഫലമില്ല. എങ്കിലും ജനാധിപത്യമാര്‍ഗത്തില്‍ ഇനിയൊരു മികച്ച ചുവട് വയ്പ് അതിലൂടയേ സാധിക്കൂ. തുടക്കത്തില്‍ പറഞ്ഞ സീരിയല്‍ ഭാഷയില്‍ പറഞ്ഞ് അവസാനിപ്പിക്കാം. ചില സീരിയലുകളില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാവിലെപ്പോലും ചില ഘട്ടത്തില്‍ മാറ്റും. പല കാരണങ്ങളുണ്ടാകാം. ഒന്നുകില്‍ സംവിധായകനെ അനുസരിക്കാത്തത്, നിര്‍മ്മാതാവിനോട് കൂടുതല്‍ പ്രതിഫലം ചോദിക്കുന്നത്, പെട്ടെന്ന് കുപ്രസിദ്ധിയില്‍ വീണു പോകുന്നത്, കാഴ്ച്ചക്കാര്‍ക്ക് ഇഷ്ടമില്ലാതാകുന്നത് അങ്ങനെ പലത്. അപ്പോള്‍ കഥയെ ബാധിക്കാതിരിക്കാന്‍ ആ കഥാപാത്രത്തെ ഒരു എപ്പിസോഡില്‍ കൊന്നുകളഞ്ഞാല്‍ മതി. എളുപ്പമാണ്. ചില മലയാളം ടിവി സീരിയലുകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. മാതൃകയാക്കാം. ഭരണത്തിലും നായകനെ മാറ്റാം. അവസരത്തിനു കാത്തിരിക്കുക. കാരണം കരച്ചില്‍ മഹിജയുടേത് മാത്രമല്ല ചുറ്റും കേള്‍ക്കുന്നത്. പക്ഷേ മഹിജയുടെ കരച്ചിലില്‍ പ്രത്യേകത ഏറെയുണ്ട്. അതിന് ഇടറിയ ഇങ്ക്വിലാബ് വിളിയുടെ പശ്ചാത്തലശബ്ദം കൂടിയുണ്ട്. അത് കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ. കേള്‍ക്കേണ്ടതുണ്ടെന്നു മാത്രം പറയാം. ************* വാല്‍ക്കഷ്ണം: ചരിത്രത്തില്‍ പ്രമുഖ സ്ഥാനം നേടുന്നത് അങ്ങനെയാണ്. ഒന്നുകില്‍ ഒന്നാമത്, അല്ലെങ്കില്‍ അവസാനം. ഒന്നാമത്തെ ചരിത്രക്കുറിപ്പ് ഇഎംഎസിന്റെ പേരില്‍. 60വര്‍ഷം പിന്നിടുമ്പോള്‍ അവസാനത്തേത് കേരളത്തില്‍ പാര്‍ട്ടി രൂപം കൊണ്ട പിണറായി പാറപ്പുറത്തെ പിറണായിപ്പേരിലാകുമോ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.