ഹിന്ദുത്വത്തെ വികൃതമാക്കാന്‍ ആസൂത്രിത ശ്രമം: ഗോപാലന്‍കുട്ടി മാസ്റ്റര്‍

Tuesday 23 May 2017 9:55 pm IST

ശ്രീരാമ നവമിയോടനുബന്ധിച്ച് വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹിന്ദുത്വത്തെ നിരാകരിക്കാനും വികൃതമായി ചിത്രീകരിക്കാനും ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിഹാസ പുരാണങ്ങളെയും ഹിന്ദു ദേവീദേവന്‍മാരെയും ക്ഷേത്രങ്ങളെയും അപമാനിക്കാനും അവഹേളിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഭാരതീയമായ യാതൊരു ചിന്താ പദ്ധതിയുടെയും അടിസ്ഥാനമില്ലാതെ പാശ്ചാത്യവിദ്യാഭ്യാസത്തിലൂടെ സമ്പാദിച്ച അറിവുകൊണ്ടാണ് ചിലര്‍ ഭാരതീയ സംസ്‌കൃതിയെയും പാരമ്പര്യത്തെയും അവഹേളിക്കാന്‍ ശ്രമം നടത്തുന്നത്. ശ്രീശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തെ അധിക്ഷേപിക്കുന്നവര്‍ അതിനെകുറിച്ച് ചര്‍ച്ച ചെയ്യലല്ല ലക്ഷ്യംവെക്കുന്നത്.

ഭഗവത്ഗീതയാണ് ജാതിചിന്ത ഉണ്ടാക്കിയതെന്നു പറയുന്നവരുടെ ലക്ഷ്യവും ഹൈന്ദവസംസ്‌കൃതിയെ അപമാനിക്കലാണ്. ഇത്തരത്തില്‍ വികലവും വികൃതവുമായ ചിന്താഗതികള്‍ വളര്‍ത്താന്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ചിലര്‍ മുന്നോട്ട് വരുന്നു. ഭാരതം എന്ന രാഷ്ട്രം ബ്രിട്ടീഷുകാര്‍ക്ക് ശേഷമാണ് ഉണ്ടായതെന്ന രീതിയിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. നമ്മുടെ പാരമ്പര്യത്തെ തള്ളിപ്പറയുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ഡോ. എ. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിനിശ്ചലാനന്ദ, സ്വാമി തപോവൃതാനന്ദ, സ്വാമി ശങ്കരനാരായണന്‍, സ്വാമി ബാലാനന്ദ, ബ്രഹ്മചാരി മുകുന്ദചൈതന്യ, അഡ്വ. ഇ. ബാലന്‍, സി. സുധീഷ്, ഡോ. കെ.വി. ഭാസ്‌കരന്‍, എന്‍. കെ. ദിനകരന്‍, എന്‍.കെ. ശിവദാസ്, സി. സുനില്‍കുമാര്‍, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.