വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Friday 7 April 2017 9:49 pm IST

ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. എടക്കുളം മാരാത്ത് കോളനിയില്‍ താമസിക്കുന്ന പാറക്കല്‍ വീട്ടില്‍ കണ്ണാപ്പി എന്നു വിളിക്കുന്ന സുബീഷ്(28) നെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്‌കുമാര്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ 21 ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിക്കു നേരെയാണ് പ്രതി അക്രമം നടത്തിയത്. സംഭവശേഷം ഒളിവില്‍ പോയ പ്രതി കഴിഞ്ഞദിവസം മൂന്നുപീടികയിലുള്ള ഭാര്യവീട്ടില്‍ വന്നപ്പോള്‍ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. മുമ്പ് ആനപാപ്പാനായി ജോലി ചെയ്തിട്ടുള്ള പ്രതി മൂന്നാറിലെ എലഫെന്റ് സഫാരി പാര്‍ക്കിലെ പരിചയക്കാരായ ആനപാപ്പാന്‍മാരുടെ കൂടെ ഒളിവില്‍ താമസിക്കുകയായിരുന്നു. അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെടുന്നതിനായി പണം സ്വരൂപിക്കുന്നതിനാണ് ഭാര്യാവീട്ടിലെത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. എട്ടു മാസസം മുമ്പ് സമാനമായ രീതിയില്‍ പ്രതി അയല്‍വാസിയായ മറ്റൊരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്നും നിരന്തര ശല്യമുണ്ടാക്കുന്ന ഇയാള്‍ക്കെതിരെ 100 ഓളം നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനു പരാതി നല്‍കിയിട്ടുള്ളതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായുള്ള പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കാട്ടൂര്‍ എസ്.ഐ മനു.വി.നായര്‍,സീനിയര്‍ സി.പി.ഒ മാരായ മുരുകേഷ് കടവത്ത്,മുഹമ്മദ് അഷ്‌റഫ്, എം.കെ.ഗോപി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.