മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും

Wednesday 22 November 2017 11:30 am IST

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും.

കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതടക്കം 16 ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആര്‍.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലില്‍ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനല്‍ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്.

ശശീന്ദ്രന് മന്ത്രിസ്ഥാനത്തേയ്ക്ക് മടങ്ങിവരുന്നതില്‍ തടസമൊന്നുമില്ല. ഈ കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടത്. ശശീന്ദ്രനെതിരെ കമ്മീഷന്‍ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശുപാര്‍ശകളുണ്ടെന്ന് ചില മാധ്യമങ്ങളില്‍ മാത്രമാണ് വാര്‍ത്ത കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച ശേഷം സര്‍ക്കാര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.