മാലിന്യ നിര്‍മാര്‍ജനത്തിന് 'സുസ്ഥിര പദ്ധതി'

Tuesday 23 May 2017 10:47 pm IST

കോഴിക്കോട്: ജില്ലയെ ഒരു വര്‍ഷത്തിനകം മാലിന്യ മുക്തമാക്കാന്‍ കഴിയുന്ന സുസ്ഥിര പദ്ധതിയുമായി ജില്ലാ ഭരണകൂടം. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ മുന്‍ഗണന നിശ്ചയിക്കാന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയിലാണ് കളക്ടര്‍ കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതി അവതരിപ്പിച്ചത്. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ആശയത്തിലൂന്നിയതാണ് പദ്ധതി. വ്യക്തി തലത്തിലും തദ്ദേശ സ്ഥാപനത്തിലും ഈ ഉത്തരവാദിത്തം നടപ്പിലാക്കി മാലിന്യ സംസ്‌കരണത്തില്‍ ശീലങ്ങളുടെ മാറ്റമാണ് പദ്ധതി ആവശ്യപ്പെടുന്നത്. ഇതു പ്രകാരം ഓരോ വീട്ടിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കിയ ശേഷം സൂക്ഷിച്ചുവെക്കാനുള്ള നിര്‍ദേശം നല്‍കണം. ഈ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സംവിധാനം വേണം. വൃത്തിയാക്കിയ പ്ലാസ്റ്റിക് പഞ്ചായത്ത് തലത്തില്‍ സൂക്ഷിക്കാന്‍ താല്‍ക്കാലിക കേ്രന്ദം വേണം. ഈ പ്ലാസ്റ്റിക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും കോര്‍പറേഷന്‍ തലത്തിലും നഗരസഭാ തലത്തിലും സ്ഥാപിക്കുന്ന ഷ്രെഡിംഗ് യൂണിറ്റുകളില്‍ മുറിച്ച് ചെറുതാക്കി റോഡ് നിര്‍മാണത്തിനുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ആക്കി മാറ്റും. ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ക്ലീന്‍ കേരള കമ്പനി മുഖേനയാണ് റോഡ് നിര്‍മാണത്തിന് നല്‍കുന്നത്. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനവും ലഭിക്കും. ദ്രവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുന്നതിനുള്ള പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. ഇതിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. ആറ് മാസം കൊണ്ട് കര്‍മ പദ്ധതി രൂപപ്പെടുത്തി ഒരു വര്‍ഷം കൊണ്ട് വിജയകരമായി പദ്ധതി ജില്ലയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു. മാലിന്യം വേര്‍തിരിക്കാത്തതാണ് സംസ്‌കരണത്തിനുള്ള പ്രതിസന്ധി. ഞെളിയന്‍പറമ്പില്‍ 300 ടണ്‍ മാലിന്യം തള്ളിയിരുന്നത് ഇപ്പോര്‍ 70 ടണ്ണായി കുറഞ്ഞു. എന്നാല്‍ 15 ടണ്ണില്‍നിന്ന് മാത്രമാണ് വളം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. ഖരമാലിന്യവും ദ്രവമാലിന്യവും വേര്‍തിരിക്കാത്തതിനാല്‍ 55 ടണ്‍ കുമിഞ്ഞുകൂടി കിടക്കുന്നു. പന്നി ഫാമിലേക്ക് എന്ന് പറഞ്ഞ് ശേഖരിക്കുന്ന മാലിന്യത്തില്‍ ഭൂരിപക്ഷവും ഫാമുകളിലല്ല, ജലാശയങ്ങളിലും റോഡരികിലുമാണ് എത്തുന്നത്. കോടികള്‍ ചെലവിട്ട് കല്ല്യാണ മണ്ഡപങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണത്തിന് പണവുമില്ല, സ്ഥലവുമില്ല. അതുപോലെയാണ് ഫ്‌ളാറ്റുകളുടെയും സ്ഥിതി. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പദ്ധതിയെ കുറിച്ച് ക്ലീന്‍ കേരള എം.ഡി കബീര്‍ ബി ഹാരൂണും, ജല സംരക്ഷണത്തെ കുറിച്ച് സിഡബ്ല്യുആര്‍ഡി എമ്മിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ദിനേശന്‍ വി. പിയും ജനപ്രതിനിധികളോട് സംസാരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പ്ലാനിങ് ഓഫീസര്‍ എം.എ ഷീല, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.