കടപ്ലാമറ്റം ബാങ്കിലെ ബന്ധുനിയമനം കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര് മറനീക്കി

Friday 7 April 2017 10:38 pm IST

കടപ്ലാമറ്റം: ബാങ്കുനിയമനത്തിന് കോഴവാങ്ങി ബന്ധുക്കളെ നിയമിക്കാന്‍ ശ്രമിച്ച കേസില്‍ സഹകരണജോയിന്റ്‌രജിസ്ട്രാര്‍ ഇടപെട്ട് നിയമനപരീക്ഷയടക്കം റദ്ദാക്കപ്പെട്ടതോടെ കടപ്ലാമറ്റത്ത് കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസ് പോര് മറനീക്കി പുറത്തുവന്നു. ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞ് നിയമന പരീക്ഷ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ജോയി കുളിരാനി ജില്ലാപൊലീസ് മേധാവി എന്‍.രാമചന്ദ്രന് പരാതി നല്‍കി. ഇതോടെ കടപ്ലാമറ്റത്ത് യുഡിഎഫ് സംവിധാനം ശിഥിലമാവുന്ന സ്ഥിതിയായിട്ടുണ്ട്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തും രണ്ടു സഹകരണബാങ്കുകളും ഇരുകക്ഷികളും ചേര്‍ന്നാണ് ഭരിക്കുന്നതെങ്കിലും ബാങ്ക് നിയമനം പൊളിഞ്ഞതോടെ ഇരുകക്ഷികളും പരാതികളുമായി പൊലീസിനെ സമീപിച്ചിരിക്കയാണ്. നിയമനപരീക്ഷ ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ബാങ്ക് നിയനത്തിലെ അഴിമതി മറനീക്കി പുറത്തുവന്നുവെന്ന് യൂത്ത്‌കോണ്‍ഗ്രസ് മാണിവിഭാഗത്തിനെതിരെ ആരോപിച്ചിരുന്നു. ഇതോടെ മാണിവിഭാഗവും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ അലങ്കോലപ്പെടുത്തി ഉത്തരക്കടലാസുകള്‍ കീറിയെറിയുകയും ബാങ്കുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കേരളാകോണ്‍ഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആസൂത്രിത ഗൂഢാലോചന നടത്തി ബാങ്കിലേക്കുള്ള നിയമനപരീക്ഷയില്‍ കയറിക്കൂടി സ്വന്തം ഉത്തരക്കടലാസ് വലിച്ചുകീറുകയും മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാപേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തത് യൂത്ത് കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് പനന്താനത്തിന്റെ നേതൃത്വത്തിലാണ്. ഇയാള്‍ക്കൊപ്പം അനീഷ്‌ജോര്‍ജ്,വിന്‍സ് സി.ബി എന്നിവരും അക്രമത്തില്‍ പങ്കെടുത്തതായി ജില്ലാപൊലീസ് മേധവിക്ക് നല്‍കിയ പരാതിയില്‍പറയുന്നു. കടുത്തുരുത്തി,കിടങ്ങൂര്‍,കുറവിലങ്ങാട് പ്രദേശങ്ങളില്‍ നിന്നെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും കേരളാകോണ്‍ഗ്രസ് ആരോപിച്ചു. പ്രസിഡണ്ട് തോമസ് പുളിക്കീല്‍ അധ്യക്ഷനായി,ജില്ലാ വൈസ്പ്രസിഡണ്ട് തോമസ് ടി കീപ്പുറം,യൂത്ത് ഫ്രണ്ട് ജില്ലാസെക്രട്ടറി യൂജിന്‍ കൂവെള്ളൂര്‍,സഹകരണബാങ്ക് പ്രസിഡണ്ട് ജോയികുളിരാനി,കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ട് മേരിക്കുട്ടിതോമസ്, പഞ്ചായത്തംഗങ്ങളായ സഖറിയാസ് ജോസഫ്, എം.പി രാജു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.