ബാര്‍ കോഴ: കോടതിയുടെ വിമര്‍ശനം

Tuesday 23 May 2017 9:03 pm IST

തിരുവനന്തപുരം: കെ. എം. മാണി പ്രതിയായ ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. ഡിജിപി റാങ്കിലുള്ള ശങ്കര്‍റെഡ്ഡിക്കെതിരായ അന്വേഷണം വെറുമൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയാല്‍ ഉചിതമാകുമോ എന്നും വിജിലന്‍സ് കോടതി ആരാഞ്ഞു. അന്വേഷണഉദ്യോഗസ്ഥനെയും വിജിലന്‍സിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരു എസ്പിയും മൂന്ന് ഡിവൈഎസ്പിമാരും കേസില്‍ അട്ടിമറി നടന്നതായി മൊഴി നല്‍കിയിട്ടില്ലേ എന്നും കോടതി ചോദിച്ചു. എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനും രണ്ടുതട്ടിലായിരുന്നു. ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോഴക്കേസിലെ ചില അന്വേഷണഉദ്യോഗസ്ഥര്‍ ശങ്കര്‍റെഡ്ഡിക്കെതിരെ മൊഴിനല്‍കിയപ്പോള്‍ കേസ് അട്ടിമറിച്ചെന്ന പരാതി നിലനില്‍ക്കില്ലേയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ശങ്കര്‍റെഡ്ഡി നിലവിലും ഡിജിപിയാണ്. മാണിയെ ബാര്‍കോഴക്കേസില്‍ നിന്ന് അന്വേഷണഉദ്യോസ്ഥന്‍ രക്ഷപ്പെടുത്തിയാലും ഇല്ലെങ്കിലും ശങ്കര്‍റെഡ്ഡി ചെയ്തിരിക്കുന്നത് കുറ്റമല്ലേ എന്ന് കോടതി വിജിലന്‍സിനോട് ചോദിച്ചു. കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസ് ശങ്കര്‍റെഡ്ഡി അട്ടിമറിച്ചു എന്ന ആരോപണം തള്ളിയാണ് വിജിലന്‍സ് നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അന്തിമവാദത്തിനായി കേസ് 12 ലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജഡ്ജ് എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.