കരിക്കകത്തമ്മയ്ക്ക് ലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

Friday 7 April 2017 11:17 pm IST

പേട്ട: സത്യത്തിന് സാക്ഷിയായ കരിക്കകത്തമ്മയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ചു. രാവലെ 10ന് തന്ത്രി പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജാക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രത്യേക പൂജകള്‍ക്കുശേഷം വാദ്യമേളങ്ങളുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്തെ പച്ചപ്പന്തലില്‍ തയ്യാറാക്കിയ പണ്ടാരയടുപ്പില്‍ 10.15 ന് തന്ത്രി തീ പകര്‍ന്നു. ക്ഷേത്രട്രസ്റ്റ് അംഗങ്ങള്‍ക്ക് പുറമെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി. മുരളീധരന്‍, ശിവലാല്‍, മന്ത്രി കടകംപളളി സുരേന്ദ്രന്‍, എംഎല്‍എ വി.എസ്. ശിവകുമാര്‍, കൗണ്‍സിലര്‍മാരായ ശ്രീകുമാര്‍, ഹിമസിജി, ഡി. അനില്‍കുമാര്‍ എന്നിവര്‍ സാക്ഷ്യം വഹിച്ചു. തറവാട് മുറ്റത്ത് പച്ചപ്പന്തല്‍കെട്ടി ഗുരുവും മന്ത്രമൂര്‍ത്തിയും കൂടി ദേവിയെ കുടിയിരുത്തിയ സമയത്ത് സ്ത്രീ ഭക്തര്‍ പൊങ്കാലയിട്ട് ദേവിക്ക് നിവേദിച്ചിരുന്നുവെന്ന ഐതിഹ്യത്തെ അനുസ്മരിപ്പിച്ചാണ് ഇന്നലെ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്. വാദ്യമേളങ്ങളും വായ്ക്കുരവയും മുഴങ്ങുന്നതിനിടെ പണ്ടാരയടുപ്പില്‍ നിന്ന് മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നതോടെ കരിക്കകം യാഗശാലയായി മാറി. വേനല്‍ചൂടും പൊങ്കാല അടുപ്പില്‍ നിന്നുളള ചൂടും കനത്തെങ്കിലും തൊഴുകൈയ്യോടെ പൊങ്കാല കലങ്ങളിലേക്ക് അരി പകരുന്ന ഭക്തരിലേക്ക് അമ്മയുടെ ചൈതന്യം നിറഞ്ഞൊഴുകുകയായിരുന്നു. മണ്ഡപ്പുറ്റ്, തെരളി, ശര്‍ക്കരപായസം, വെളളപ്പായസം തുടങ്ങി അനവധി മധുരവിഭവങ്ങളാണ് അമ്മയ്ക്ക് നിവേദ്യമായത്. പത്തുലക്ഷത്തോളം ഭക്തരാണ് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്ര ചുറ്റുപ്രദേശങ്ങള്‍ക്ക് പുറമെ ചാക്ക, ബൈപ്പാസ്, ആനയറ, വെണ്‍പാലവട്ടം, കൊച്ചുവേളി പ്രദേശങ്ങളിലും പൊങ്കാലക്കാര്‍ നിറഞ്ഞു. 2.15 ന് ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തിലെത്തിച്ച് പ്രത്യേകപൂജകളോടെ പൊങ്കാല തര്‍പ്പണം നടന്നു. നൂറ്റി അന്‍പതോളം ശാന്തിക്കാരെയാണ് പൊങ്കാലക്കലങ്ങള്‍ തളിക്കുന്നതിനായി ട്രസ്റ്റ് നിയോഗിച്ചിരുന്നത്. രാത്രി ഗുരുസിയോടെ ഈയാണ്ടത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.