വിഷു ഖാദിമേളയ്ക്ക് തുടക്കം

Saturday 8 April 2017 1:58 am IST

കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന വിഷു ഖാദി മേളയ്ക്ക് കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ തുടക്കമായി. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗം കെ.ധനഞ്ജയന്‍ മേള ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് എം.കെ അശോക് കുമാറിന് നല്‍കി അദ്ദേഹം ആദ്യവില്‍പ്പന നിര്‍വഹിച്ചു. ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും പര്യായമായി ഖാദി ഉല്‍പ്പന്നങ്ങള്‍ മാറിക്കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. തുണിത്തരങ്ങളുള്‍പ്പെടെയുള്ള ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഫാഷനായാണ് ഇന്നത്തെ സമൂഹം കാണുന്നത്. വിദേശ രാജ്യങ്ങളിലും ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയം കൂടിവരുന്നതായും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ സി.പി.സുജാത, ഖാദി ഗ്രാമസൗഭാഗ്യ മാനേജര്‍ കെ.വി.ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഖാദി സില്‍ക്ക് സാരികള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റ്, കോട്ടണ്‍-സില്‍ക്ക് ഷര്‍ട്ട് പീസുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, സോപ്പ്, തേന്‍ തുടങ്ങിയവയാണ് മേളയുടെ ആകര്‍ഷണങ്ങള്‍. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ കിഴിവ് ലഭിക്കും. 13ന് ഖാദി മേള സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.