സിറ്റി ഗ്യാസ് പദ്ധതി വിജിലന്‍സ് അന്വേഷിക്കമെന്ന് നഗര സഭ

Saturday 8 April 2017 10:14 pm IST

കളമശേരി: കളമശേരിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയില്‍ വ്യാപക അഴിമതിയാണെന്നും വിജിലന്‍സ് അന്വേഷണം വേണമന്നും കളമശേരി നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പും തമ്മിലുള്ള ധാരണ പ്രകാരം റോഡ് കുഴിയ്ക്കുന്ന ചെലവ് കുറച്ചു നല്‍കിയെന്നാണ് ആരോപണം.
കളമശേരി നഗരസഭയുടെ  ആറ് വാര്‍ഡുകളിലായി നടന്നു കൊണ്ടിരിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടലിന് 1900 രൂപയാണ് പൊതുമരാമത്ത്  വകുപ്പിന്റെ നിരക്ക് പ്രകാരം ഒരു മീറ്ററിന് വാങ്ങേണ്ടത്. എന്നാല്‍ 800 രൂപ വീതമാണ് നഗരസഭ വാങ്ങിയത്. ഇത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണെന്ന നഗരസഭാ സെക്രട്ടറിയുടെ വിശദീകരണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.
റോഡുകളും കാനകളും  വിവിധ പദ്ധതികളുടെ പേരില്‍ കുത്തിപ്പൊളിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെയും നഗരസഭ കൗണ്‍സില്‍ പ്രതിഷേധിച്ചു. നന്നാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും കുത്തിപ്പൊളിക്കുന്നതായി ഭരണകക്ഷി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരസഭ സെക്രട്ടറിയും മുനിസിപ്പല്‍ എഞ്ചിനീയറും കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരം എല്ലാ ഫയലുകളും മേശപ്പുറത്ത് വച്ചു.
കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി തകര്‍ന്ന കാനകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെന്ന് നഗരസഭ കൗണ്‍സില്‍ കുറ്റപ്പെടുത്തി. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച ഉപരോധ സമരം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുസാറ്റ് മെട്രോ സ്‌റ്റേഷന്‍ കൗണ്‍സിലര്‍മാര്‍ രാവിലെ11ന് ഉപരോധിക്കും. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അധ്യക്ഷയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.