മലപ്പുറം/കോഴിക്കോട്: സര്‍ക്കാരിന്റെ ഒത്താശയോടെ പോലീസ് നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസം നടത്തും. 14ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹിളാ കൂട്ടായ്മ സംഘടിപ്പിക്കും. കോഴിക്കോട് വളയത്ത് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് 48 മണിക്കൂര്‍ ഉപവസിക്കും. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉപവാസം ഉദ്ഘാടനം ചെയ്യും.
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പോലീസിനെ കയറൂരി വിട്ടു. തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി അഹങ്കാരം നിറഞ്ഞ നിലപാടുകളാണ് സ്വീകരിക്കുന്നത്. അതേ പാത തന്നെയാണ് മറ്റ് മന്ത്രിമാരും പിന്തുടരുന്നത്.
എം.എം. മണിയെ പോലെയുള്ളവര്‍ നമ്മുടെ സംസ്കാരത്തിന് വരെ ക്ഷതമേല്‍പ്പിക്കുന്നു. പേപ്പട്ടികളെ പോലെ പെരുമാറുന്ന പോലീസിനെ അടക്കി നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ അവരെ ജനങ്ങള്‍ നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: