കൊച്ചി മെട്രോ:  43 റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ  പ്രകൃതി സൗഹൃദ ഇന്ധന ബസുകള്‍

Saturday 8 April 2017 10:29 pm IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഓടിത്തുടങ്ങുമ്പോള്‍ സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഫീഡര്‍ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി നടപടികള്‍ തുടങ്ങി. മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ഇതിനായി 783 പ്രകൃതി സൗഹൃദ ഇന്ധന ബസുകള്‍ (സിഎന്‍ജി  ബസുകള്‍) വാങ്ങാനാണ് ധാരണയായിട്ടുള്ളത്. ഇതില്‍ 100 ഇലക്ട്രിക് ബസുകളും പരിഗണിക്കുന്നുണ്ട്.
43 റൂട്ടുകളിലേക്കാണ് ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസ് നടത്തുക. 150 എയര്‍ കണ്ടീഷന്‍ ബസുകളും സര്‍വീസിനുണ്ടാകും. 16 മുതല്‍ 40 സീറ്റുകള്‍ വരെയുള്ള ബസുകളാണ് പരിഗണനയിലുള്ളത്. കെയുആര്‍ടിസിയും ഫീഡര്‍ സര്‍വീസിനുണ്ടാകും. മെട്രോ സ്‌റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് ജോലി സ്ഥലത്തും മറ്റും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ലക്ഷ്യമിട്ടാണിത്. ജില്ലാ അതിര്‍ത്തിയില്‍ നിന്നും തൊട്ടടുത്തുള്ള മെട്രോ സ്‌റ്റേഷനുകളിലേക്ക് ഫീഡര്‍ സര്‍വീസുകളുണ്ടാകും.
കൊച്ചി മെട്രോ റെയില്‍, കെഎസ്ആര്‍ടിസി എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ഫീഡര്‍ സര്‍വീസുകള്‍ക്ക് ധാരണയായത്. മെട്രോ റെയില്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് അനുബന്ധ യാത്രകള്‍ക്കും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മെയ് ഒന്നുമുതലാണ് കൊച്ചി മെട്രോ റെയിലിന്റെ ആദ്യഘട്ടയാത്ര തുടങ്ങുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം മെട്രോ റെയില്‍ ഓടുക. രണ്ടാംഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള അഞ്ചുകിലോമീറ്ററിലും മെട്രോ റെയില്‍ ഓടിത്തുടങ്ങും. ജൂണ്‍ മുതല്‍ രണ്ടാംഘട്ട യാത്ര തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയാണ് നിര്‍ദിഷ്ട മെട്രോ റെയില്‍. ഇതിനിടയില്‍ 23 സ്‌റ്റേഷനുകളാണുള്ളത്. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 11 സ്‌റ്റേഷനുകളില്‍ യാത്രയ്ക്ക് അവസരമുണ്ടാകും. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവയാണ് ആദ്യഘട്ടത്തില്‍ മെട്രോ റെയിലെത്തുന്ന സ്‌റ്റേഷനുകള്‍.
5181.79 കോടി രൂപ ചെലവിലാണ് മെട്രോ റെയില്‍ നിര്‍മ്മാണം. ഒരേ സമയം 975 പേര്‍ക്ക് യാത്ര ചെയ്യാന്‍ മെട്രോ റെയിലില്‍ സൗകര്യമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.