സഹകരണ വകുപ്പ്‌ മുഖം മിനുക്കുന്നു

Sunday 17 June 2012 8:46 pm IST

കോട്ടയം: സഹകരണ ബാങ്കുകളുടെ മുഖം മിനുക്കി പരിഷ്ക്കരിക്കുകയാണ്‌ സഹകരണവകുപ്പ്‌. ഉണര്‍വ്വ്‌ 2012 എന്ന പേരില്‍ കാലോചിതമായ പരിഷ്കാരങ്ങളാണ്‌ വകുപ്പില്‍ ആരംഭിച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ വര്‍ഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന കണക്കുകള്‍ പൊടിതട്ടിയെടുത്തു സൂക്ഷ്മപരിശോധന നടത്തി തരം തിരിച്ചു തിട്ടപ്പെടുത്തുന്ന ജോലികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കാലാകാലങ്ങളില്‍ കണക്ക്‌ ശരിയാക്കാതെ ഓരോ വര്‍ഷവും ബാങ്ക്‌ ബജറ്റില്‍ എടുത്തെഴുതുന്ന കണക്കുകളാണ്‌ സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌.
വരവിലും ചെലവിലുമുള്ള വ്യത്യാസങ്ങള്‍ സഹകാരികള്‍ക്ക്‌ നല്‍കാനും സഹകാരികള്‍ ബാങ്കിംഗ്‌ ഇടപാടുകള്‍ക്കിടെ ബാങ്കിന്‌ നല്‍കാനുള്ള തുകകളാണ്‌ വര്‍ഷങ്ങളായി തീര്‍പ്പാകാതെ നിലനില്‍ക്കുന്നത്‌. ഈ ഇനത്തില്‍ കോടിക്കണക്കിന്‌ രൂപയാണ്‌ സഹകരണ ബാങ്കിന്റെ കണക്കിലുള്ളത്‌. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളിലെയും കണക്കുകൂട്ടിയെടുത്താല്‍ നൂറുകോടി കവിയും. സഹകരണ ബാങ്കുകളില്‍ പൂര്‍ത്തിയാകാത്ത കണക്കുകള്‍ രാവണ്‍കോട്ട പോലെയാണ്‌. വര്‍ഷങ്ങളായി ഇങ്ങനെ നിലനില്‍ക്കുന്ന കണക്കുകള്‍ ശരിയാക്കി പ്രത്യേക പൊതുയോഗം വിളിച്ചുചേര്‍ത്ത്‌ അംഗീകാരം വാങ്ങണം. അഞ്ഞൂറ്‌ രൂപയില്‍ കൂടുതലുള്ള ഇനങ്ങള്‍ അസിസ്റ്റന്റ്‌ രജിസ്ട്രാറിന്റെ അനുമതിക്കായി അയക്കണം.
സഹകരണ ബാങ്കിലെ പല മാമൂലുകളും കാലോചിതമായി ഉടച്ചു വാര്‍ക്കുകയാണ്‌. ഇന്നുവരെ ഒരു വകുപ്പുമന്ത്രിമാരും ശ്രമിക്കാത്ത നടപടികളാണ്‌ സഹകരണ വകുപ്പ്‌ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ആരംഭിച്ചിരിക്കുന്നതെന്നാണ്‌ സഹകരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌. സഹകരണരംഗത്തെ ഇടതു പക്ഷ കുത്തകകള്‍ സഹകരണ മേഖലയെ അഴിമതിയില്‍ മുക്കുകയും പാര്‍ട്ടി വളര്‍ത്താനും പാര്‍ട്ടിക്കാരെ കുടിയിരുത്താനുമുള്ള വേദിയാക്കി മാറ്റുമ്പോള്‍ സഹകരണ പ്രസ്ഥാനങ്ങളെ കാലോചിതമായി ചിന്തിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ്‌.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.