പ്രൊഫ. എം. അച്യുതന്‍ അന്തരിച്ചു

Tuesday 23 May 2017 3:05 pm IST

കൊച്ചി: പ്രമുഖ മലയാള സാഹിത്യ നിരൂപകന്‍ പ്രൊഫ.എം. അച്യുതന്‍ (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളുടെ ഭര്‍ത്താവാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രവിപുരം ശ്മശാനത്തില്‍. സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, പാശ്ചാത്യ സാഹിത്യ ദര്‍ശനം, ചെറുകഥ ഇന്നലെ ഇന്ന്, വാഗ്മയം, സമന്വയം, കവിതയും കാലവും എന്നിവയാണ് പ്രധാന കൃതികള്‍. 1001 രാവുകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'ചെറുകഥ ഇന്നലെ ഇന്ന്' എന്ന കൃതിക്ക് 1976ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മുക്കുറ്റിപ്പറമ്പില്‍ നാരായണ മേനോന്‍-പാറുക്കുട്ടി അമ്മ ദമ്പതികളുടെ മകനായി 1930 ജൂണ്‍ 15ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഒന്നാം റാങ്കോടെ വിജയിച്ചു. ഏറെക്കാലം ഗവണ്‍മെന്റ് കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പ്രൊഫസറായി വിരമിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഓടക്കുഴല്‍ സമ്മാനം നല്‍കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായിരുന്നു. ഇദ്ദേഹം രചിച്ച 12 കൃതികള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ഭാര്യ: രാധ. മക്കള്‍: ഡോ. നന്ദിനി നായര്‍, നിര്‍മ്മല പിള്ള, ബി. ഭദ്ര (കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍). മരുമക്കള്‍: ഡോ. മോഹന്‍ നായര്‍, ജി. മധുസൂദനന്‍ ഐഎഎസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.