പിണറായിയുടെ സ്റ്റാലിനിസം

Tuesday 23 May 2017 12:41 pm IST

സോവ്യറ്റ് യൂണിയന്റെ ഭരണാധികാരിയായിരിക്കെ ജോസഫ് സ്റ്റാലിന്‍ ജനങ്ങള്‍ക്കുനേരെ നടത്തിയ കൊടും ക്രൂരത ലോകമുള്ള കാലമത്രയും ഓര്‍മിക്കും. ജനങ്ങളെ മാത്രമല്ല, കമ്മ്യൂണിസ്റ്റ് അണികളെയും അനുഭാവികളെപ്പോലും കശാപ്പുചെയ്യുന്നതില്‍ കൗതുകം കണ്ടെത്തിയ ഭരണാധികാരിയായിരുന്നു സ്റ്റാലിന്‍. 1930 കളില്‍ മഹാശുദ്ധീകരണമെന്ന പേരില്‍ സ്റ്റാലിന്‍ നടപ്പാക്കിയ രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയോ നാടുകടത്തെപ്പെടുകയോ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധിക്കപ്പെടുകയോ ചെയ്തു. മനുഷ്യസ്‌നേഹമാണ് മാര്‍ക്‌സിസമെന്നു പറയുന്നവര്‍ സ്റ്റാലിനിസമാണ് മുറുകെ പിടിക്കുന്നത്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ രാഷ്ട്രപതി മഹാത്മാഗാന്ധിയെ ആരാധിക്കാറില്ല. പകരം സ്റ്റാലിന്റെയും ചെഗുവേരയുടെയും കൊടും ക്രൂരതകളില്‍ നിന്നാണ് ആവേശം കൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലൊരിടത്തും ഗാന്ധിജിയുടെ പടം വയ്ക്കാറില്ല. എന്നാല്‍ സ്റ്റാലിന്റെ പടം പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനെ അനുകരിക്കുകയാണോ? പതിനൊന്നുമാസത്തെ ഭരണം ജനങ്ങളോടും എന്തിന് പാര്‍ട്ടിക്കാരോടു പോലും ധിക്കാരപരമായ പെരുമാറ്റമാണ് പ്രകടിപ്പിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തില്‍ ഒരു ഭരണാധികാരിക്കും ചേരാത്ത രീതിയാണ് മുഖ്യമന്ത്രി പിണറായി മുറുക്കെ പിടിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പാമ്പാടി കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി തുടക്കത്തില്‍ അവഗണിച്ച പോലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് നടന്നതെല്ലാം പ്രതികളെ സംരക്ഷിക്കും വിധമായത് സര്‍ക്കാരിന്റെ സമ്മതത്തോടെയാണെന്നത് ആരോപണം മാത്രമല്ല. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഒരുക്കിക്കൊടുത്തു. ഇതു തിരിച്ചറിഞ്ഞ ജിഷ്ണുവിന്റെ കുടുംബം സഹികെട്ടപ്പോഴാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ജിഷ്ണു മരണപ്പെട്ട് തൊണ്ണൂറു ദിവസത്തിനിടയില്‍ മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടി. അധികാര സ്ഥാനത്തിരിക്കുന്നവര്‍ അനങ്ങിയില്ലെന്നു മാത്രമല്ല അവഹേളനം കൂടി തുടങ്ങിയപ്പോഴാണ് ഡിജിപിയെ ഒരിക്കല്‍കൂടി സങ്കടം ബോധിപ്പിക്കാനും നിലപാടനുകൂലമല്ലെങ്കില്‍ സമരം നടത്താനും ജിഷ്ണുവിന്റെ കുടുംബം തലസ്ഥാനത്തെത്തിയത്. എന്നാല്‍ പോലീസ് ആസ്ഥാനത്തെത്താന്‍ പോലും അനുവദിക്കാതെ നടുറോഡില്‍ തടഞ്ഞ് പരാക്രമം കാണിച്ച സംഭവം തത്സമയം കണ്ട ജനങ്ങള്‍ ഞെട്ടി. മകന്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്ന് കരകയറാത്ത ഒരമ്മയെ നടുറോഡിലിട്ട് പോലീസ് വലിച്ചിഴയ്ക്കുകയും കള്ളക്കേസെടുക്കുകയും ചെയ്തിരിക്കുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ശരീരത്തില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ ചതവും പാടുമുണ്ട്. എന്നിട്ടും പോലീസ് ഒരതിക്രമവും കാണിച്ചിട്ടില്ലെന്നും മഹിജയും കൂട്ടരും ഗൂഢാലോചന നടത്തി പോലീസ് ആസ്ഥാനത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എന്നുമാണ് പോലീസ് ഐജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്‌നം അവിടംകൊണ്ടും തീര്‍ന്നില്ല. സമരം നടത്തുന്നതും സമരത്തോട് അനുഭാവം പുലര്‍ത്തുന്നതും ശീലമാക്കിയ പാര്‍ട്ടി നയിക്കുന്ന ഭരണം സമരങ്ങളെ ശത്രുതയോടെ കാണുന്നു. സഹായിക്കാനെത്തുന്നവരെ അട്ടിമറിക്കാരായി കണ്ട് കാരാഗ്രഹത്തിലടയ്ക്കുന്നു. കെ.എം. ഷാജഹാനെയും ഷാജര്‍ഖാനെയും ജയിലിലടച്ചത് ഇതിന്റെ ഒന്നാന്തരം തെളിവാണ്. മഹിജയെപ്പോലെ തന്നെ ഷാജഹാനും കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ്. കമ്മ്യൂണിസ്റ്റ് കാപട്യങ്ങളെ തുറന്നെതിര്‍ക്കുന്ന പ്രകൃതക്കാരനായ ഷാജഹാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരടാണ്. ആ ഒറ്റക്കാരണംകൊണ്ടാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. എത്രമാത്രം നീചമായ നടപടിയാണിതെന്ന് പറയേണ്ടതില്ല. മകനെ കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിച്ചതില്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ ഷാജഹാന്റെ വൃദ്ധമാതാവ് തങ്കമ്മയും നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്. മഹിജ മാത്രമല്ല മകള്‍ അവിഷ്ണയും ഇപ്പോള്‍ നിരാഹാരം കിടക്കുന്ന സാഹചര്യം ആരിലും അനുതാപമുണ്ടാക്കും. സ്ത്രീകളുടെ കണ്ണുനീര്‍ ഏതു ഭരണാധികാരിയുടെയും കസേര തെറുപ്പിക്കുമെന്ന് ഓര്‍ക്കണം. ഫാസിസ്റ്റ് ഭരണം കേരളത്തില്‍ തുടരുകയും കേട്ടുകേള്‍വി പോലുമില്ലാത്ത പെരുമാറ്റം ഭരണാധികാരികളില്‍ നിന്നുണ്ടാവുകയും ചെയ്യുന്നു. ഒരു മാധ്യമസ്ഥാപനത്തിന്റെ മേലാളന്മാരെയും ജീവനക്കാരെയും കേസില്‍പ്പെടുത്തി തുറങ്കിലടച്ചത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. നിരവധി വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള ആര്‍. അജിത് കുമാറിനെ കോടതിയില്‍ കൊണ്ടുവന്നത് കയ്യാമംവച്ചാണ്. മ്ലേച്ഛമായ സ്ട്രിംഗ് ഓപ്പറേഷന്‍ നടത്തി മാന്യന്മാരെ കുരുക്കുന്ന 'തെഹല്‍ക്ക'യ്ക്കു പോലും വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന സമൂഹമുള്ള നാട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നികൃഷ്ടമായ നടപടി സ്വീകരിക്കുന്നു. ഇത് കണ്ടില്ല, കേട്ടില്ല എന്നു നടിക്കുന്നത് ആപത്കരമാണ്. സമൂഹമനഃസാക്ഷി ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഭയാനകമായ ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത്.          

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.