നിധിയായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ പേരില്‍ മുക്കാല്‍ ലക്ഷം തട്ടി; ഒരാള്‍ പിടിയില്‍

Tuesday 23 May 2017 1:21 pm IST

  ഇടുക്കി: നിധിയായി ലഭിച്ച സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ പക്കല്‍ നിന്നും മുക്കാല്‍ ലക്ഷം തട്ടിയ സംഭവത്തില്‍ ഒരാളെ മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാലാ കൊല്ലപ്പള്ളിയില്‍ മെക്കാനിക്ക് ജോലി നോക്കുന്ന രാമയ്യയാണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍പ് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. മറയൂര്‍ മേലാടിയില്‍ മേരിയാണ് പരാതിക്കാരി. രാമയ്യയുടെ സുഹൃത്ത് വഴിയാണ് മേരിയുമായി അടുപ്പത്തിലാകുന്നത്. ഒരു മാസം മുന്‍പ് മേരിക്ക് രാമയ്യ ഒരു സ്വര്‍ണ്ണനാണയം നല്‍കി. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണനാണയം നല്‍കാമെന്ന് പറഞ്ഞാണ് മുക്കാല്‍ ലക്ഷം രൂപ വാങ്ങിയത്. പണവുമായി മേരിയും മരുമകനും കര്‍ണാടകയില്‍ എത്തണമെന്നാണ് രാമയ്യ പറഞ്ഞത്. ഇതുപ്രകാരം മേരിയും മരുമകനും കര്‍ണാടകയില്‍ എത്തി മുക്കാല്‍ ലക്ഷം രൂപ രാമയ്യയ്ക്കും കര്‍ണാടകയിലുള്ള ഇയാളുടെ കൂട്ടാളികള്‍ക്കുമായി നല്‍കി. ഇവര്‍ സ്വര്‍ണ്ണനാണയം നല്‍കുകയും ചെയ്തു. നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാണയങ്ങള്‍ സ്വര്‍ണ്ണമല്ലെന്ന് വ്യക്തമായത്. മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പണം നല്‍കാം സ്വര്‍ണ്ണം വേണമെന്ന് പറഞ്ഞ് മൂന്നാര്‍ പോലീസ് ഒരുക്കിയ കെണിയില്‍ ഇന്നലെ രാമയ്യ കുടുങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കര്‍ണ്ണാടക സ്വദേശികളും കേസില്‍ പ്രതികളാകുമെന്ന് മൂന്നാര്‍ എസ്.ഐ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.