ബെയ്‌ലി പാലം ഗതാഗതത്തിന് ഇന്ന് തുറന്ന് കൊടുക്കും

Sunday 9 April 2017 8:11 pm IST

ഏനാത്ത്: ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ പട്ടാളം നിര്‍മ്മിച്ച ബെയ്‌ലി പാലം ഇന്ന് തുറന്നുകൊടുക്കും. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനാകും. 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലുമാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2.5 അടി വീതം ഇരുവശങ്ങളിലും നടപ്പാതയുണ്ട്. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. യഥാസമയം അറ്റകുറ്റപണികള്‍ നടത്തിയാല്‍ നൂറ്റാണ്ടുകള്‍്ഉപയോഗിക്കാനാകുമത്രേ. ബെയ്‌ലിപാലം തുറന്നു കൊടുക്കുന്നതോടെ പത്തനംതിട്ട-കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലടയാറിന് കുറുകെയുള്ള യാത്ര സുഗമമാകും. ബെയ്‌ലി പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ലെങ്കിലും ഇടത്തരം വാഹനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. ബലക്ഷയം സംഭവിച്ച പാലത്തിന് സമീപം നേരത്തെയുണ്ടായിരുന്ന പഴയപാലത്തിന് കിഴക്ക് മാറിയുള്ള കടവിലാണ് സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ഏനാത്ത് വലിയ പാലത്തിന്റെ ബലക്ഷയം കാരണം ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ബെയ്‌ലിപാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് കെഎസ്ടിപിയാണ് പണിതീര്‍ത്തത്.ബെയ്‌ലി പാലത്തിന്റെ അടിത്തറയും മറ്റ് സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കി. ഒരു സമയം ഒരു ദിശയിലേക്ക് മാത്രമേ പാലത്തിലൂടെ വാഹനം കടത്തി വിടുകയുള്ളു. ഇതിനായി പാലത്തിന്റെ ഇരുവശത്തും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. പാലത്തിലൂടെ കാല്‍നടയാത്രയ്ക്ക് പ്രത്യേക നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.