വേനല്‍ മഴപ്പേടിയില്‍ കര്‍ഷകര്‍; സപ്ലൈക്കോയുടെ നെല്ല് സംഭരണം പാളി

Tuesday 23 May 2017 12:29 pm IST

ചിത്രം: കാഞ്ഞിരം മലരിയ്ക്കല്‍ എരിവുകരി പാടശേഖരത്തില്‍ സംഭരിക്കാനുള്ള നെല്ല് മൂടിയിട്ടിരിക്കുന്നു.   – ജന്മഭൂമി

കോട്ടയം: പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ലെടുപ്പ് തടസപ്പെട്ടതോടെ കര്‍ഷകര്‍ ആശങ്കയില്‍. ആയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി കെട്ടിക്കിടക്കുന്നത്. സംഭരിക്കാന്‍ സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാര്‍ നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ വിട്ട് നില്‍ക്കുന്നതാണ് പ്രധാനകാരണം.

വേനല്‍മഴ പെയ്ത് തുടങ്ങിയതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് എങ്ങനെയെങ്കിലും കയറി പോയാല്‍ മതിയെന്ന ചിന്തയിലാണ് കര്‍ഷകര്‍. ഇത് മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് കൊടുക്കേണ്ട അവസ്ഥയിലാണിവര്‍. എന്നാല്‍ കര്‍ഷകരുടെ ഈ അവസ്ഥയിലും സംഭരണം തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കൃഷിവകുപ്പോ, ജില്ലാ ഭരണകൂടമോ ഇടപെടല്‍ നടത്തുന്നില്ല.

രണ്ടാഴ്ചയായി കൊയ്ത നെല്ലാണ് പാടശേഖരങ്ങളില്‍ കിടക്കുന്നത്. ലോറിസമരത്തെ തുടര്‍ന്ന് നെല്ല് കയറ്റി കൊണ്ടുപോകുന്നത് പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചപ്പോഴാണ് ഈര്‍പ്പത്തിന്റെ പേരില്‍ നെല്ലെടുപ്പ് മുടങ്ങിയിരിക്കുന്നത്. നെല്ലിന് 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം പറ്റില്ലെന്ന നിലപാടി്‌ലാണ് മില്ലുകാര്‍. എന്നാല്‍ എത്ര ഉണക്കി കൊടുക്കുന്ന നെല്ലിലും ഈര്‍പ്പത്തിന്റെയും പതിരിന്റെയും പേരില്‍ തൂക്കം കൂറയ്ക്കുകയാണ് മില്ലുകാര്‍ ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഒരു ക്വിന്റല്‍ നെല്ലിന് മൂന്ന് കിലോ വരെ നഷ്ടം സഹിക്കുന്നുണ്ട് ഇപ്പോള്‍ തന്നെ കര്‍ഷകര്‍. എന്നാല്‍ വേനല്‍ മഴ തുടങ്ങിയതോടെ 28 കിലോ വരെ കിഴിവ് വേണമെന്നാണ് ചില മില്ലുകാര്‍ ആവശ്യപ്പെട്ടത്. അതേ സമയം നെല്ലിന്റെ ഗുണനിലവാരകാര്യത്തില്‍ കര്‍ഷകര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് മില്ലുകാര്‍ പറയുന്നത്. ഒരു ക്വിന്റില്‍ നെല്ലില്‍ നിന്ന് 68 കിലോ അരിയാക്കി കൊടുക്കാമെന്നാണ് മില്ലുകാര്‍ സപ്ലൈക്കോയുമായി കരാര്‍ വച്ചിരിക്കുന്നത്. ഇതിന് ഒട്ടും ജലാംശം ഇല്ലാത്ത നെല്ല് ലഭിക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം.

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കാഞ്ഞിരം, കല്ലറ തുടങ്ങിയ മേഖലകളിലാണ് പ്രശ്‌നം രൂക്ഷം. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങിയതോടെ ഓരുവെള്ള ഭീഷിണിയും നേരിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.