ജനങ്ങളെ ദുരിതത്തിലാക്കി തടയണ നിര്‍മ്മാണം

Sunday 9 April 2017 8:50 pm IST

ചെങ്ങാലൂര്‍: കുണ്ടുകടവില്‍ കുറുമാലി പുഴയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണയാണ് ജനങ്ങള്‍ക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. തടയണ നിര്‍മ്മാണത്തിലെ അപാകതമൂലം കാല്‍നടപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. അശാസ്ത്രീയ നിര്‍മ്മാണം മൂലം പ്രദേശവാസികള്‍ക്ക് പുഴ മറികടക്കുന്നതിന് കഴിയുന്നില്ല. മധ്യഭാഗത്തെ മണ്ണ് ഒലിച്ചു പോയതിനാല്‍ വേണ്ടത്ര വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനും സാധിക്കുന്നില്ല. ചെങ്ങാലൂര്‍, പന്തല്ലൂര്‍ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള കുണ്ടുകടവ് തടയണയുടെ മുകളിലൂടെ കാറുകള്‍ പോലും സഞ്ചരിക്കാറുണ്ട്. കുറുമാലി പുഴയില്‍ വേനലില്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്ന പ്രധാന അഞ്ച് താല്‍ക്കാലിക തടയണകളിലൊന്നാണ് കുണ്ടുകടവിലുള്ളത്. മറ്റു നാലു തടയണകളും നിര്‍മ്മാണം ആരംഭിച്ചതിന് ശേഷവും ഇവിടെ തടയണ നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാരാരും എത്താതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തടയണ നിര്‍മ്മാണം വൈകിയതോടെ പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചാണ് തടയണ നിര്‍മ്മിച്ചത്. ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട തടയണയുടെ നിര്‍മ്മാണം ആരംഭിച്ചതുതന്നെ ഫെബ്രുവരിയിലാണ്. കുണ്ടുകടവില്‍ കഴിഞ്ഞ മഴക്കാലത്ത് പുഴയോരം ഇടിഞ്ഞ ഭാഗങ്ങള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. പുഴയോരം ഇടിഞ്ഞതിനാല്‍ പുഴ ചെറിയ തോതില്‍ ഗതി മാറിയിരുന്നു. മറ്റിടങ്ങളിലെപ്പോലെ തടയണയുടെ ഒരു വശത്തുള്ള ചീപ്പ് വഴി വെള്ളം കടത്തി വിടാന്‍ ഇവിടെ സാധ്യമല്ല. തടയണ നിറഞ്ഞ് മുകളിലൂടെ വേണം വെള്ളം പുഴയിലേക്ക് ഒഴുകാന്‍. ഇതുമൂലമാണ് മധ്യഭാഗത്തെ മണ്ണ് ഒലിച്ചുപോയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.