വിപണി ഉണര്‍ന്നു : വിഷു ആഘോഷത്തിനിനി നാലുനാള്‍

Sunday 9 April 2017 9:46 pm IST

കണ്ണൂര്‍: വിഷു ആഘോഷത്തിനിനി നാലുനാള്‍ മാത്രം ശേഷിക്കെ വിഷു വിപണി സജീവമായി. ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച വിപണനമേളകളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി. വിഷുവിന് മുമ്പുളള അവധി ദിവസമായതിനാല്‍ത്തന്നെ ഇന്നലെ കണ്ണൂര്‍ നഗരത്തി വിഷുക്കോടി വാങ്ങാനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും എത്തിയവരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. മേളകളിലും നല്ല തിരക്കായിരുന്നു. 55 ഓളം കൈത്തറി സംഘങ്ങള്‍ പങ്കെടുക്കുന്ന കൈത്തറിമേള പോലീസ് മൈതാനിയിലും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ കലക്ടറേറ്റ് മൈതാനിയിലും ടൗണ്‍ സ്‌ക്വയറിന് സമീപം കരകൗശല ഉല്‍പ്പന്ന വിപണനമേളയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനമേളയും ഖാദി സൗഭാഗ്യ ഷോറൂമില്‍ നടക്കുന്ന ഖാദി മേളയും സജീവമായിക്കഴിഞ്ഞിട്ടുണ്ട്. കൈത്തറി മേളയിലും ഖാദി മേളയിലും പതിവുപോലെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തുണി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതു കൊണ്ടുതന്നെ വഴിയോര വിപണിയില്‍ സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലാണ്. ഇലക്‌ട്രോണിക് ഷോറൂമുകളിലും വന്‍കിട വസ്ത്ര വിപണന സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വന്‍ ഓഫറുകളാണ് വന്‍കിട വസ്ത്രവ്യാപാരികളും ഇലക്‌ട്രോണിക്‌സ് ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. പടക്ക വിപണിയിലും ഇന്നലെ ചെറിയ തോതിലുളള തിരക്ക് അനുഭവപ്പെട്ടു. വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനും കോടിയുടുപ്പുകള്‍ വാങ്ങാനും ജനം നഗരത്തിലേക്കിറങ്ങുന്നതോടെ ഇനിയുളള മൂന്ന് ദിവസങ്ങള്‍ ഗ്രാമങ്ങളും നഗരങ്ങളും ഉത്സവച്ഛായയില്‍ മുങ്ങും. ഒപ്പം വിപണിയില്‍ കൂടുതല്‍ തിരക്കേറുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.