ഉപചാരം ചൊല്ലി പിരിഞ്ഞു; അടുത്ത പൂരം 2018 മാര്‍ച്ച് 29 ന്

Sunday 9 April 2017 9:28 pm IST

ചേര്‍പ്പ്: മേളങ്ങളുടെ വര്‍ണവും ഭക്തിയുടെ സുഗന്ധവും നിറഞ്ഞാടിയ ആറാട്ടുപുഴ പൂരത്തിന് പരിസമാപ്തി. അടുത്ത പൂരം 2018 മാര്‍ച്ച് 29 ന്. പൂരത്തിന്റെ സമാപനദിവസമായ ഞായറാഴ്ച മന്ദാരക്കടവിലെ ആറാട്ടിനായി വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയും തുടര്‍ന്ന് ദേവീ ദേവന്മാരും ആറാട്ട് നടത്തി. വീണ്ടും പൂരപ്പാടത്തേക്കെത്തി കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി പിരിഞ്ഞു. തൃപ്രയാര്‍ തേവര്‍ക്കും ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും ഒപ്പം ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോയി. അവിടെ വെച്ചാണ് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷന്‍ ഗണിച്ചെടുത്ത അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തിയ്യതി 1193 മീനം 15 (2018 മാര്‍ച്ച് 29 വ്യാഴാഴ്ച) വിളംബരം ചെയ്തത്. അടുത്ത വര്‍ഷം കാണാം എന്ന ഉപചാരം തൃപ്രയാര്‍ തേവര്‍ക്കും അമ്മത്തിരുവടിക്കും ചേര്‍പ്പിലമ്മക്കും നല്‍കി ആറാട്ടുപുഴ ശാസ്താവ് തിരിച്ചെഴുന്നള്ളിയതോടെ വര്‍ഷത്തെ ദേവമേളക്ക് പര്യവസാനമായി. ഗ്രാമബലിയാണ് അവസാനം നടന്ന ചടങ്ങ്. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് തേവര്‍ ആറാട്ടുപുഴയില്‍ നിന്നും വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം,അയിനിക്കാട്, മുത്തുള്ളിയാല്, ചേര്‍പ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്, പിഷാരിക്കല്‍, തൊട്ടിപ്പാള്‍, മുളങ്ങ് എന്നീ ക്ഷേത്രങ്ങളില്‍ ബലിതൂവി. ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തി ക്ഷേത്രപാലകന് ബലിതൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്താവ് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കഴിഞ്ഞതോടെ കൊടിമരം ഇളക്കിമാറ്റി. ഇതോടെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.