ഈസ്റ്റ് നടക്കാവ് ഗവ. യുപി സ്‌കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ ഇന്ന്

Tuesday 23 May 2017 2:29 pm IST

കോഴിക്കോട്: ഇസ്റ്റ് നടക്കാവ് ഗവ. യുപി സ്‌കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലാവും. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കും എന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും പഠനിലവാരത്തിലും മുന്നിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം സ്വതന്ത്ര്യസമര കാലത്ത് സമര ഭടന്മാരുടെ സംഗമകേന്ദ്രമായിരുന്നു. നടക്കാവിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിയില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ വിദ്യാലയമാണിത്. സര്‍ക്കാര്‍ യുപി സ്‌കൂളുകള്‍ കുട്ടികളില്ലാതെ വിഷമിക്കുമ്പോള്‍ ഇപ്പോള്‍ നടക്കാവ് ഗവ. യുപിസ്‌കൂളില്‍ 96 വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിക്കുന്നുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഭാവിയില്‍ സ്‌കൂളിന് ഉപകരിക്കുന്നത് വേണ്ടി നിര്‍മ്മിച്ച രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കൈവശത്തില്‍ വെച്ചിരിക്കുന്നത് അടിയന്തിരമായി ഒഴിപ്പിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനായി അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യങ്ങളിലൊന്ന്. എസ്എസ്എ പദ്ധതി പ്രവര്‍ത്തനത്തിനായി നഗരത്തിലെ പൂട്ടിക്കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളോ മേറ്റേതെങ്കിലും സര്‍ക്കാര്‍ കെട്ടിടങ്ങളോ അനുവദിക്കുക. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റുമ്പോള്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.