ആടിയും പാടിയും അഗസ്ത്യകുടീരത്തിലെ ബാല്യങ്ങള്‍

Sunday 9 April 2017 11:28 pm IST

ശിവാകൈലാസ് കാട്ടാക്കട: ആടിയും പാടിയും ഉത്സാഹ തിമിര്‍പ്പിലായിരുന്നു അവര്‍. കോട്ടൂര്‍ അഗസ്ത്യകുടീരം ബാലികാ സദനത്തിലെ അനാഥത്വം മറന്ന ബാല്യങ്ങള്‍ക്ക് ഇന്നലെ ആഘോഷത്തിന്റെ ദിവസമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം അഗസ്ത്യകുടീരത്തിന്റെ പതിനെട്ടാം വാര്‍ഷികം വര്‍ണ്ണാഭമാക്കുകയായിരുന്നു കുരുന്നുകള്‍. കോട്ടൂര്‍ വനമേഖലയിലെ സമതമൂടില്‍ 1999 ലാണ് വനവാസി ബാലികകള്‍ക്ക് വേണ്ടി അഗസ്ത്യകുടീരം സ്ഥാപിച്ചത്. ഉറ്റവര്‍ ഉപേക്ഷിച്ച, ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന കാടിന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരംഭിച്ച സ്‌നേഹാലയം. വിരലിലെണ്ണാവുന്ന വനവാസി ബാലികമാര്‍ക്ക് മാതൃ വാത്സല്യത്തിന്റെ അമൃതേത്ത് നല്‍കിയായിരുന്നു തുടക്കം. പിന്നീട് ബാലികാ സദനത്തില്‍ താരാട്ട് കേട്ടുറങ്ങാന്‍ അതിഥികള്‍ നിരവധിയെത്തി. ഇന്ന് നാല്‍പ്പതില്‍പരം ബാലികമാരാണ് അഗസ്ത്യകുടീരത്തിന്റെ സ്‌നേഹക്കൂട്ടില്‍ പുഞ്ചിരി പൊഴിച്ച് കഴിയുന്നത്. ആഘോഷങ്ങള്‍ വിലക്കപ്പെട്ടവരല്ല ഇവരെന്ന ഓര്‍മ്മപ്പെടുത്തലായി ഇന്നലെ ബാലികാ സദനത്തില്‍ നടന്ന വാര്‍ഷികാഘോഷം. പാട്ടും നൃത്തവും കഥ പറച്ചിലുമൊക്കെയായി കുട്ടികള്‍ കാഴ്ചക്കാരുടെ മനംകവര്‍ന്നു. തങ്ങളുടെ വാര്‍ഷികത്തിന് ഒത്തുകൂടിയവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനും അവര്‍ മറന്നില്ല. വനവാസി വികാസ കേന്ദ്രം മഹാനഗര്‍ സമിതി അദ്ധ്യക്ഷന്‍ പി.എ.കെ നീലകണ്ഠന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍, ചങ്ങാതിക്കൂട്ടം സംയോജകന്‍ അജിത്, സന്ദേശം ലഹരി നിര്‍മ്മാര്‍ജ്ജന ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ലത, ബാലികാ സദനം രക്ഷാധികാരി കമലാലയം രാജേന്ദ്രന്‍, സെക്രട്ടറി രാഖേഷ്, വനവാസി വികാസ കേന്ദ്രം സംസ്ഥാന സമിതിയംഗം തങ്കപ്പന്‍ എന്നിവര്‍ കുരുന്നു പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.