നന്തന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ മകന്‍ പിടിയില്‍

Tuesday 23 May 2017 10:43 am IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീടിനുള്ളില്‍ നാലുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ മകന്‍ പിടിയില്‍. ഡോക്ടറുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജ (30) ആണു പിടിയിലായത്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫാണ് ഇയാളെ പിടികൂടിയത്. റിട്ട.പ്രഫ.രാജ തങ്കം (60), ഭാര്യ റിട്ട.ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തന്‍കോട്ടെ വീട്ടില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദമ്പതികളുടെ മകന്‍ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണു പോലീസ് പറയുന്നത്. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുളളതായി പോലീസ് പറഞ്ഞു. മൂന്നു ദിവസം മുന്‍പ് നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.