തുറക്കുളം മല്‍സ്യമാര്‍ക്കറ്റ് നിര്‍മാണത്തില്‍ വന്‍ അഴിമതി

Monday 10 April 2017 9:17 pm IST

കുന്നംകുളം: ടെന്‍ഡര്‍ പോലും സമര്‍പ്പിക്കാത്ത കമ്പനിക്ക് തുറക്കുളം മല്‍സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതിലൂടെ വന്‍ അഴിമതി. 2005 ല്‍ പി.ജി ജയപ്രകാശ് നഗരസഭാ ചെയര്‍മാനായ ഭരണസമിതിയാണ് അല്‍കോം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബിഒടി വ്യവസ്ഥയില്‍ ലക്ഷങ്ങളുടെ കോഴ വാങ്ങി നഗരസഭയുടെ മല്‍സ്യമാര്‍ക്കറ്റ് തുറക്കുളത്ത് പണിയാന്‍ അനുമതി നല്‍കിയത്. ഈ കമ്പനിയുടെ പേരില്‍ നഗരസഭയില്‍ ഒരു ടെന്‍ഡര്‍ പോലും സമര്‍പ്പിച്ചിട്ടില്ലായിരുന്നു. ടെന്‍ഡറില്‍ പങ്കെടുത്ത രണ്ടു കമ്പനികളെ കബളിപ്പിച്ചുകൊണ്ട് അന്നത്തെ സിപിഎം ഭരണ സമിതി തുറക്കുളം മാര്‍ക്കറ്റ് പണിയാന്‍ അല്‍കോമിന് അനുമതി നല്‍കുകയായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാന്‍ ഈ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ കമ്പനിക്ക് തന്നെ കരാര്‍ പുതുക്കി നല്‍കാനുള്ള തീരുമാനം ഭരണസമിതി കൗണ്‍സിലില്‍ വച്ചെങ്കിലും പ്രതിപക്ഷം ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നു. 15 അംഗങ്ങള്‍ മാത്രമുള്ള സിപിഎം ഭരണ സമിതിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ സബ് കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് കൗണ്‍സില്‍ പിരിച്ചുവിടുകയാണ് ചെയര്‍മാന്‍ ചെയ്തത്. നഗരസഭ നേരിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് ജനങ്ങളുടെ ചിരകാലാഭിലാഷമായ തുറക്കുളം മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. കുന്നംകുളം ബസ്സ്റ്റാന്‍ഡ് ഇത്തരത്തില്‍ നഗരസഭ നേരിട്ട് നിര്‍മ്മാണം ഏറ്റെടുത്ത് ചെയ്യാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.