ചിറക്കുളത്തെ ഇല്ലാതാക്കാന്‍ ബഹുനില പാര്‍ക്കിങ് പ്ലാസ

Monday 10 April 2017 9:41 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ പുരാതനമായ ചിറക്കുളം പരിപൂര്‍ണ്ണ നാശത്തിന്റെ വക്കില്‍. ഒരു കാലത്ത് വളരെ വിസ്താരമുണ്ടായിരുന്ന ചിറക്കുളം ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഇപ്പോഴത്തെ നഗരസഭാ കാര്യാലയവും കടകളും അടങ്ങിയ വന്‍ കെട്ടിടം മുതലായവയുടെ നിര്‍മ്മിതിക്കായി നികത്തി ഇന്ന് ഒരു ചെറു കുളമായി മാറിയിട്ടുണ്ട്. കുളത്തിനു മുകളിലായി ബഹുനില പാര്‍ക്കിങ്പ്ലാസ നിര്‍മ്മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തോടെ ശേഷിച്ച ചെറുകുളവും നശിച്ചുപോകാനുള്ള സാദ്ധ്യതയേറി. കളത്തിനു ചുറ്റും കോണ്‍ക്രീറ്റ് പില്ലര്‍ അടിച്ച് മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയുള്ള ബഹുനില പ്ലാസ നിര്‍മ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അത്തരം ജലദൗര്‍ലഭ്യത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ നിലവിലുള്ള കുളങ്ങളും തോടുകളും മറ്റു തണ്ണീര്‍തടങ്ങളും ശുചിയാക്കി പരിരക്ഷിക്കണമെന്ന കാഴ്ചപ്പാടിന് ജനങ്ങളുടെയിടയില്‍ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന സമയത്താണ് കുളം നശിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം. കാലാകാലങ്ങളായി ഏറ്റുമാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന മൂലമാണ് വലിയ ചിറക്കുളം ചുരുങ്ങി ഇന്നത്തെ ചെറുകുളമായതെന്ന് ജനങ്ങള്‍ പറയുന്നു. ഇടത്-വലത് പഞ്ചായത്ത് ഭരണത്തിന്റെ ദൂരക്കാഴ്ചയില്ലായ്മ മൂലമാണ് ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം. 2016ല്‍ ഏറ്റുമാനൂരിന് നഗരസഭാ പദവി ലഭിച്ചെങ്കിലും ഭരണാധികാരികളുടെ കാഴ്ചപ്പാടോ സമീപനമോ നഗരം ആവശ്യപ്പെടുന്ന നിലവാരത്തിലെക്ക് ഉയരാത്തതിന്റെ തെളിവാണ് വികലവും അശാസ്ത്രീയവമായ നിര്‍മ്മാണങ്ങള്‍ക്കുള്ള പുറപ്പാട് എന്നാണ് ആക്ഷേപം. കുടിവെള്ള ക്ഷാമവും മാലിന്യങ്ങളും പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും കൊണ്ട് നഗരവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുമ്പോഴാണ് അധികാരികള്‍ വികസനമെന്നു പറഞ്ഞ് മള്‍ട്ടിപ്ലക്‌സ് സിനിമാശാലകള്‍ക്കും ബഹുനില പാര്‍ക്കിങ് സൗകര്യത്തിനും വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. നഗരസഭാ കാര്യാലയത്തിന് അടുത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്ന് വരുന്ന മാലിന്യങ്ങളും ദുര്‍ഗന്ധവും കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴാണ് അതിനൊന്നും പരിഹാരം കാണാതെ വന്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് തുടക്കമിടാന്‍ നഗരസഭ ആലോചിക്കുന്നത്. ചിറക്കുളം അപകടപ്പെടുത്തി തികച്ചും അനാവശ്യമായ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ബഹുജന സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. ഒരു കാലത്ത് ഏറ്റുമാനൂര്‍ ചിറയുടെ പരിസരത്തുള്ള ഭവനങ്ങളിലെ കിണറുകളിലെ ജലത്തിന്റെ സ്രോതസ്സായിരുന്ന ചിറക്കുളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രായമായ ഏറ്റുമാനൂര്‍കാര്‍ മുഴുവന്‍ ദുഃഖിതരാണ്. 1960 കാലഘട്ടങ്ങളില്‍ ക്ഷേത്രക്കുളം കഴിഞ്ഞാല്‍ കുളിക്കാന്‍ എല്ലാവരും ആശ്രയിച്ചിരുന്നത് വലിയ ചിറക്കുളത്തെയായിരുന്നു. പണ്ട് ആര്‍പ്പൂക്കര സുബ്രഹ്മണ്യസ്വാമിയുടെ ആറാട്ടിന് വേണ്ടി തെക്കുംകൂര്‍ രാജാവ് നിര്‍മ്മിച്ചതാണ് ചിറക്കുളമെന്ന് ചരിത്ര രേഖയുള്ളതായി പറയപ്പെടുന്നു. അങ്ങിനെ ജില്ലയിലെ ഹിന്ദു സമൂഹത്തിന് ചിറക്കുളത്തോട് ആത്മീയമായ ബന്ധവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.