'ഞങ്ങളുമുണ്ട് സേവാഭാരതിക്കൊപ്പം'

Tuesday 23 May 2017 10:03 am IST

അമ്പിളിക്ക് വീടിന്റെ താക്കോല്‍ സ്വാമി ചിദാനന്ദപുരി കൈമാറുന്നു

കോഴിക്കോട്: ”ഇനി ഞങ്ങളുമുണ്ട് സേവാഭാരതിക്കൊപ്പം. കയറിക്കിടക്കാനൊരു വീടില്ലാത്തപ്പോള്‍ സേവാഭാരതിയാണ് എനിക്ക് തുണയായത്. എനിക്കും മൂന്നു മക്കള്‍ക്കും ഇപ്പോള്‍ ഒരു വീടായി. ഇത്തരത്തിലുള്ളവര്‍ ഇനിയും നാട്ടിലേറെയുണ്ട്. അവര്‍ക്ക് സഹായമേകാനുള്ള സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുമുണ്ട്” പറയുന്നത് പുതിയാപ്പയിലെ കെ.വി. അമ്പിളി. സ്വന്തമായൊരു വീടില്ലാത്ത ദുരിതമറിഞ്ഞപ്പോള്‍ സേവാഭാരതി പണിതു നല്‍കിയ വീടിന്റെ താക്കോല്‍ സ്വാമി ചിദാനന്ദപുരിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം അമ്പിളിയുടെ വാക്കുകള്‍. ബിരുദ വിദ്യാര്‍ത്ഥിനിയായ ശില്‍പ്പ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ എന്നിവരും സന്തോഷത്തിലാണ്. അവര്‍ അമ്മയുടെ വാക്കകള്‍ക്കൊപ്പം മനസ്സ് ചേര്‍ക്കുന്നു.
രണ്ടു കിടപ്പു മുറിയും അടുക്കളയും ചെറിയ വരാന്തയും അടങ്ങുന്ന വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണവര്‍. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ‘മാധവം എന്ന് പേരിട്ട വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. സഹോദരങ്ങളെ തിരിച്ചറിയാനാവാത്ത സാഹചര്യത്തില്‍ നിന്ന് സമൂഹത്തില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ സേവാഭാരതി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഉണരുന്ന സമാജത്തിന്റെ ലക്ഷണമാണിത്.അദ്ദേഹം പറഞ്ഞു. സേവാഭാരതി കോട്ടപ്പറമ്പ് യൂണിറ്റ് അദ്ധ്യക്ഷന്‍ അനില്‍കുമാര്‍ വലയക്കര അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി പ്രസിഡന്റ് ഡോ. പി. രാമകൃഷ്ണന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. ഒരു നേരം ആഹാരം കഴിക്കാന്‍ പോലും വകയില്ലാതെ പട്ടിണി കിടക്കുന്നവര്‍ ഉള്ളപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ വെടിക്കെട്ട് നടത്തി ആര്‍ഭാടമായി ആഘോഷം നടത്തുന്നതില്‍ നിന്ന് സമൂഹം മാറണമെന്ന് അദ്ദേഹം പറഞ്ഞു. സി. ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍. സുഭാഷ് ബാബു, ബി. ഗിരിരാജന്‍, എന്‍.പി. രൂപേഷ്, കെ.സുന്ദരന്‍, പി. ജയപ്രമോദ്, എം. സി. ഷാജുകുമാര്‍, ആര്‍.പി. മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.