പാലം അറ്റകുറ്റപണി പൂര്‍ത്തിയാക്കാത്തെതന്തെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 10 April 2017 11:23 pm IST

തിരുവനന്തപുരം: വെള്ളായണിയിലെ കിരീടം പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ നേരത്തെ പാസാക്കിയ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.പുഞ്ചക്കരി, വണ്ടിത്തടം, മേലാങ്കോട് ഭാഗത്തേക്ക് വെള്ളായണി ക്ഷേത്രത്തില്‍ നിന്നുമുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്നത് കിരീടം പാലം വഴിയാണ്. പാലം പൊളിഞ്ഞ് വീഴാറായ അവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ ശാന്തിവിള പത്മകുമാര്‍ ഫയല്‍ ചെയ്ത പാരാതിയില്‍ കമ്മീഷന്‍ ജില്ലാകളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടര്‍ കമ്മീഷന് ഉറപ്പുനല്‍കിയിരുന്നു. പാലത്തിന്റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ 2014 ജൂണ്‍ 2 ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതുവരെയും നടപടികള്‍ സ്വീകരിച്ചില്ലെന്ന് പരാതിപ്പെട്ട് ശാന്തിവിള പത്മകുമാര്‍ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ 2014 ജൂണ്‍ 2 ന് നല്‍കിയ ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കി. ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.