ഭക്തിനിര്‍വൃതിയില്‍ പദ്മനാഭ സ്വാമിയ്ക്ക് ആറാട്ട്

Monday 10 April 2017 11:32 pm IST

പേട്ട: ശംഖുംമുഖത്ത് ഭക്തിനിര്‍വൃതിയില്‍ പദ്മനാഭ സ്വാമിയ്ക്ക് ആറാട്ട് നടന്നു. പടിഞ്ഞാറെ മണ്ഡപത്തില്‍ ശ്രീ പദ്മനാഭ സ്വാമിയുടേയും നരസിഹ സ്വാമിയുടെയും ശ്രീകൃഷ്ണ സ്വാമിയുടെയും വാഹനങ്ങള്‍ ഉപവിഷ്ടയാക്കിയ ശേഷം കടല്‍ തീരത്ത് ശീവേലി വിഗ്രഹങ്ങളില്‍ തന്ത്രി തരണനല്ലൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകളോടെയാണ് ആറാട്ട് നടന്നത്.രാജകുടുംബാംഗങ്ങളും ക്ഷേത്രാചാരങ്ങള്‍ക്കുപുറമെ നൂറ്കണക്കിന് ജനങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്ന് വന്നിരുന്ന പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ഇന്നലെ ആറാട്ട് നടന്നത്. വൈകുന്നേരത്തോടെ ക്ഷേത്ര ശീവേലി കഴിഞ്ഞാണ്. പദ്മനാഭ സ്വാമി , നരസിംഹ സ്വാമി , ശ്രീകൃഷ്ണ സ്വാമി എന്നീ വിഗ്രഹങ്ങള്‍ വഹിച്ചുളള വാഹനം പുറത്തെഴുന്നളളിയത്. രാജസ്ഥാനീയന്‍ , മൂലംതിരുന്നാള്‍ രാമവര്‍മ്മ ഉടവാളേന്തി പദ്മനാഭ സ്വാമിയെ അകംമ്പടി സേവിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടി ആറാട്ട് പുറത്തെഴുന്നളളിയ സമയത്ത് ഇരുപത്തിയൊന്ന് ആചാര വെടികള്‍ മുഴക്കി. വാദ്യമേളങ്ങള്‍, ആന, അശ്വാരൂഢ സേന കാലാള്‍പ്പട എന്നിവയും ഘോഷയാത്രയെ സേവിച്ചു. ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം , തൃപ്പാദപുരം മഹാദേവര്‍ ക്ഷേത്രം തൃവിക്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം ,ഇരവിപേരൂര്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള വിഗ്രഹങ്ങളും പദ്മനാഭ സ്വാമിയ്‌ക്കൊപ്പം കൂടിയാറാട്ടിനെത്തി. രാത്രി എട്ട് മണിയോടെ പടിഞ്ഞാറെമണ്ഡപത്തില്‍ വച്ച് ആറാട്ട് കഴിഞ്ഞ ശീവേലി വിഗ്രഹത്തില്‍ ദീപാരാധനയ്ക്ക് ശേഷം ആറാട്ട് ഘോഷയാത്ര തിരികെ പുറപ്പെട്ടു. ഇന്ന് രാവിലെ 10 ന് കലശ പൂജയോടെ പൈങ്കുനി ഉത്സവത്തിന് സമാപനമാകും. വര്‍ഷത്തില്‍ അയ്പശി, പൈങ്കുനി എന്ന രണ്ട് ഉത്സവങ്ങള്‍ നടക്കുന്ന ഏക ക്ഷേത്രമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. അയ്പശി ഉത്സവമാണ് ക്ഷേത്ര ആചാരത്തിലധിഷ്ടിതമായത്. പൈങ്കുനി ഉത്സവം. നാട്ടു രാജ്യങ്ങളായിരുന്ന കാലത്ത് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കായംകുളം കീഴടക്കിയതിനെ തുടര്‍ന്ന് പദ്മനാഭ സ്വാമിയ്ക്ക് നല്‍കിയ നിവേദ്യമായിരുന്നു. അന്നുമുതലാണ് പൈങ്കുനി ഉത്സവം ആഘോഷിച്ചു തുടങ്ങിയതായി പറയുന്നത്. പദ്മനാഭ സ്വാമി ക്ഷേത്ര ചെയര്‍മാന്‍ ജില്ലാ ജഡ്ജി കെ. ഹരിപാല്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, മെമ്പര്‍ എസ്.വിജയകുമാര്‍ , മാനേജര്‍ പി. വേണുഗോപാല്‍, ശ്രീകാര്യക്കാരന്‍ പി.കെ. മോഹന്‍ കുമാര്‍ എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.