സിപിഎം ഏരിയ സെക്രട്ടറിമാരെ മാറ്റല്‍; തീരുമാനം ഇന്ന്

Tuesday 11 April 2017 12:22 am IST

കൊച്ചി: സിപിഎം വൈറ്റില, എറണാകുളം ഏരിയ സെക്രട്ടറിമാരെ മാറ്റുന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ആകും. പിണറായി പക്ഷത്തുനിന്ന് അകന്നുനില്‍ക്കുന്ന ഏരിയ സെക്രട്ടറിമാരെ മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ എറണാകുളം ഏരിയ സെക്രട്ടറി സിനുലാല്‍ പിണറായി പക്ഷത്തെ ജില്ലയിലെ പ്രമുഖന്‍ സി.എന്‍. മോഹനനുമായി ചര്‍ച്ച നടത്തിയതായി സൂചന ലഭിച്ചു. കളമശേരി, കോലഞ്ചേരി ഏരിയ കമ്മറ്റികള്‍ വിഭജിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടക്കും. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ വീണ്ടും സെക്രട്ടറിയാക്കാന്‍ വേണ്ടിയാണ് കളമശ്ശേരി ഏരിയ കമ്മിറ്റി വിഭജിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കളമശ്ശേരി ഏരിയ കമ്മറ്റിയിലെ 18 പേരില്‍ 16 പേരും സക്കീറിന് എതിരാണ്. കളമശ്ശേരി വിഭജിച്ച് തൃക്കാക്കര ഏരിയ കമ്മറ്റി രൂപീകരിക്കാനാണ് നീക്കം. ഇതോടെ സക്കീറിനെ എതിര്‍ക്കുന്നവരില്‍ ഭൂരിഭാഗവും തൃക്കാക്കര ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടും. വിഎസ് പക്ഷത്തോടൊപ്പമുള്ള കോലഞ്ചേരി ഏരിയ കമ്മറ്റി രണ്ടാക്കുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയേക്കും. പുത്തന്‍ കുരിശ് ഏരിയ കമ്മറ്റി രൂപീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുന്ന അമ്പലമേട്, കോലഞ്ചേരി, ഏരിയയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്. മുളംന്തുരുത്തി ഏരിയ കമ്മറ്റിയില്‍പ്പെടുന്ന ഉദയംപേരൂര്‍ തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിയുടെ ഭാഗമാക്കിയേക്കും. ഇരുമ്പനം, തിരുവാങ്കുളം മുളംന്തുരുത്തിയില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമരൂപമാകും. ഈ മാസം ആരംഭിച്ച പാര്‍ട്ടി ഫണ്ട് പിരിവ് ജില്ലയില്‍ ഊര്‍ജിതമല്ല. ഇത് സംബന്ധിച്ചും ചര്‍ച്ച നടക്കും. ജില്ലയില്‍ നിന്ന് രണ്ട് കോടി രൂപ പിരിക്കാനാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.