ജിഷ്ണു പ്രണോയി പ്രവീണിനും ഡിബിനും ജാമ്യം

Tuesday 23 May 2017 6:51 am IST

കൊച്ചി: ജിഷ്ണു പ്രണോയി കേസിലെ നാലാം പ്രതി സി.പി. പ്രവീണ്‍, അഞ്ചാം പ്രതി ഡിബിന്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനമോ ശല്യമോ ഉണ്ടായതായി ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നില്ലെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് കഴിഞ്ഞ ദിവസം അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് മുന്‍കൂര്‍ ജാമ്യത്തിന്റെ പ്രധാന വ്യവസ്ഥ. കോളേജില്‍ പ്രവേശിക്കരുത്, കോളേജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഏഴ്, പതിനാലു തീയതികളില്‍ വിളിച്ചു വരുത്തി ഓരോ മണിക്കൂര്‍ ചോദ്യം ചെയ്യാം. മൂന്നാം പ്രതി ശക്തിവേല്‍ തമിഴ്‌നാട്ടിലാണെന്നതിനാല്‍ താമസ സ്ഥലത്തിന്റെ വിവരങ്ങളും ഫോണ്‍ നമ്പരുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹപാഠികളുടെയും പ്രിന്‍സിപ്പലിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പരീക്ഷയില്‍ ചെറിയ ക്രമക്കേടു കാട്ടിയ ജിഷ്ണു തന്റെ സാന്നിദ്ധ്യത്തിലാണ് മാപ്പപേക്ഷ എഴുതി നല്‍കിയതെന്ന് മൊഴി നല്‍കിയ പ്രിന്‍സിപ്പല്‍ പിന്നീടിതു മാറ്റിപ്പറഞ്ഞു. റിട്ടേര്‍ഡ് പ്രൊഫസര്‍ കൂടിയായ പ്രിന്‍സിപ്പല്‍ ബാഹ്യപ്രേരണയിലാണ് മൊഴി മാറ്റിയതെന്ന് കരുതാനാവില്ല. ഈ കേസില്‍ പ്രതികള്‍ക്കെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവില്ല. മാത്രമല്ല കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് സുപ്രീം കോടതി ശരിവച്ചു. കോളജ് അധികൃതര്‍ ഹാജരാക്കിയ മാപ്പപേക്ഷ ജിഷ്ണു എഴുതിയതല്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാവില്ല. കേസ് പരിഗണിക്കുന്ന കോടതികള്‍ പൊതുജനതാല്പര്യവും വികാരവും കണക്കിലെടുക്കരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.