ടീം വര്‍ക്കിന്റെ മാഹാത്മ്യം

Tuesday 23 May 2017 5:25 am IST

ഫലപ്രാപ്തിയ്ക്ക് ഏറ്റവും സഹായകരവും ഉദ്യമത്തില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും ഒരുപോലെ സംതൃപ്തിയേകുന്നതുമായ പ്രവര്‍ത്തനരീതി ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം 'ടീം വര്‍ക്ക്' ആണെന്ന്. സാര്‍വ്വജനീനമായി ടീം വര്‍ക്കിന്റെ പ്രയോജനം അത്രയ്ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇക്കാലത്ത് ബിസിനസ്സ് സ്ഥാപനങ്ങളില്‍ ഒരു നല്ല വിഭാഗം, പരമ്പരാഗതമായ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ടീം അടിസ്ഥാനത്തിലാക്കുന്നതില്‍ തല്‍പരരാണ്. സ്ഥാപനത്തിന്റെ ചുറ്റുപാടില്‍ ഒരു മാതൃകാ ടീം എങ്ങനെയിരിക്കുമെന്ന് നോക്കാം. ഏതെങ്കിലും ഒരു പ്രധാന ദൗത്യത്തിനായി ഒന്നിലധികം പേരുടെ ഒരു സംഘം രൂപീകരിക്കുന്നു. നേതൃത്വം ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്നു. നേതാവ് തെരഞ്ഞെടുക്കപ്പെടാം, നോമിനേറ്റ് ചെയ്യപ്പെടാം. അംഗങ്ങള്‍ ഏഴോ, ഒമ്പതോ പത്തോ വരെ ആകാം. അതില്‍ കൂടുതലായാല്‍ അത് ടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗരേഖകളും പദ്ധതികളും ടീമിന് സ്വയം സൃഷ്ടിക്കാം, അല്ലെങ്കില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാവാം. ടീമിന്റെ കാലദൈര്‍ഘ്യം നേരത്തെ നിശ്ചയിക്കണമെന്നില്ല; എങ്കിലും അനിശ്ചിതമായി നീട്ടുക്കൊണ്ടുപോകാവുന്നതുമല്ല. പ്രഖ്യാപിത ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ടീമിനെ പിരിച്ചുവിടാം, അല്ലെങ്കില്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുകയുമാവാം. സ്‌പോര്‍ട്‌സ് രംഗത്ത് ടീം പ്രവര്‍ത്തനത്തിലുള്ള പങ്ക് സുവിദിതമാണല്ലോ. ആ മാതൃക നോക്കിക്കണ്ടിട്ടാണ് ബിസിനസ്സ് സ്ഥാപനങ്ങളും ടീം പ്രവര്‍ത്തനം പരീക്ഷിച്ചുനോക്കാന്‍ ഉത്സാഹത്തോടെ മുന്നോട്ടുവന്നിട്ടുള്ളത്. എന്നാല്‍ യുഗാന്തരങ്ങളായി പ്രകൃതി തന്നെ ടീം സ്പിരിറ്റിന്റെ സാധ്യതകള്‍ പാഠമാക്കി നമുക്ക് കാണിച്ചുതരുന്നുണ്ട്. നിങ്ങള്‍ ഒരുമിച്ചു പറക്കുന്ന ഹംസങ്ങള്‍ അഥവാ വന്‍ വാര്‍ത്തകളെപ്പറ്റി കേട്ടുകാണും. ചിലരെങ്കിലും അവയെ നിരീക്ഷിച്ചും കാണും. ഇംഗ്ലീഷ് ഭാഷയിലെ 'വി' (്) എന്ന അക്ഷരം ഭൂമിയ്ക്ക് സമാന്തരമായി പിടിച്ചാലുള്ള ആകൃതിയിലാണ് അവ ഒന്നിച്ച് പറക്കുന്നത്. കൂര്‍ത്ത മുന്‍ അറ്റത്ത് നേതൃസ്ഥാനത്തിലുള്ള പക്ഷിയായിരിക്കും. കടലുകളും വന്‍കരകളും താണ്ടി ആയിരക്കണക്കിന് കിലോമീറ്ററുകളോളം നിര്‍ത്താതെ പറക്കുമ്പോഴും അവ കൂട്ടവും ലൈനും തെറ്റിദ്ധരിക്കാറഇല്ല. മുന്‍പേ പറക്കുന്ന പക്ഷിക്ക് കൂടുതല്‍ ശ്രമം ആവശ്യമായതുകൊണ്ട് ഇടയ്ക്കിടെ അവര്‍ സ്ഥാനം വച്ചുമാറുന്നു; അത്രമാത്രം കടുത്ത ക്ഷീണമോ അസുഖമോ അനുഭവപ്പെടുമ്പോള്‍ മാത്രം ഒരു പക്ഷി താഴെയിറങ്ങുന്നു. വിശ്രമിച്ചശേഷം അവര്‍ സ്വന്തം ടീമിലേക്ക് എത്തിച്ചേരുന്നു.'വി'എന്ന ആകൃതിയില്‍ പറക്കുന്നതുകൊണ്ട് അവര്‍ക്ക് 77% ഊര്‍ജ്ജം മൊത്തത്തില്‍ ലാഭിക്കാന്‍ കഴിയുന്നുണ്ടത്രെ! ടീം പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ പ്രകൃതി സൗജന്യമായി നല്‍കുന്ന ഒരു മാതൃക. ഈ ഊര്‍ജ്ജലാഭവും പ്രവര്‍ത്തനോന്മേഷവും മനുഷ്യര്‍ക്കിടയിലും എങ്ങനെ സാധ്യമാക്കാമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഒരു ലക്ഷ്യം നേടാനായി കുറെ പേര്‍ വെവ്വേറെയായി തിരിഞ്ഞ് സ്വന്തമായ ശൈലിയിലും വേഗതയിലും ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ അവര്‍ വെവ്വേറെയായി സൃഷ്ടിക്കുന്ന ഊര്‍ജ്ജത്തേക്കാള്‍ എത്രയോ മടങ്ങ് വലുതാണത്രെ അവര്‍ ഒരുമിച്ച ടീം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്നത്. ഈ പ്രതിഭാസത്തെയാണ് ''ടീം സിനര്‍ജി'' എന്ന് വിളിക്കുന്നത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ച് ബിസിനസ്സ് സ്ഥാപനത്തില്‍ വെറുതെ ആഗ്രഹിച്ചതുകൊണ്ടോ പ്രകൃതികല്‍പനകൊണ്ടോ ടീം സിനര്‍ജി ഉയര്‍ന്നുവരണമെന്നില്ല. അതിന് ഉപോല്‍ബലകങ്ങളായ ചില ഘടകങ്ങളുണ്ട്. അവ അവശ്യം സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. ഇവയില്‍ രണ്ടെണ്ണം തമ്മിലുള്ള പൊരുത്തം സുപ്രധാനമാണ്. ഒന്ന് ടീമിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം തന്നെ. രണ്ടാമത്തേത് ടീം അംഗങ്ങളുടെ വൈവിധ്യമാണ് സ്വഭാവങ്ങളും ആവശ്യങ്ങളുമാണ്. ഇവ രണ്ടും ചേര്‍ന്നാണ് ടീം പ്രവര്‍ത്തനത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്നത്. ''സാധാരണക്കാര്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന്റെ പിന്നിലുള്ള രഹസ്യമാണ് ടീം വര്‍ക്ക്'' എന്ന ഒരു കേള്‍വിയുണ്ട്. ടീം പ്രവര്‍ത്തനം വിജയിക്കണമെങ്കില്‍ അംഗങ്ങളെല്ലാവരും ഒരേ തട്ടിലാണെന്ന ധാരണവേണം. അതേസമയം ലക്ഷ്യം നേടാനായി വിവിധ കഴിവുകളും പ്രകൃതങ്ങളുമുള്ള വ്യക്തിത്വങ്ങള്‍ ആവശ്യമാണ് താനും. ഇത്തരം സാഹചര്യത്തില്‍ എങ്ങനെ ടീം പ്രവര്‍ത്തനം സുസാധ്യമാക്കും? ഒന്നാമതായി ടീമിന് മൊത്തമായും അംഗങ്ങള്‍ക്ക് പ്രത്യേകമായും നിര്‍ദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ വ്യക്തമാക്കുക. അവ ഫലപ്രാപ്തിയോട് ബന്ധപ്പെട്ടതും സുതാര്യവുമായിരിക്കണം. നേതൃത്വത്തിനോ അംഗങ്ങള്‍ക്കോ പ്രത്യേക അജണ്ട പാടില്ല. രണ്ടാമതായി ടീമിന്റെ അവലോകനം ചെയ്യുന്നതിന് സ്പഷ്ടമായ രൂപരേഖ വേണം. മീറ്റിങ്ങുകളിലും കൂടിക്കാഴ്ചകളിലും അനാവശ്യമായി സമയം പാഴാക്കാതെ അവയെ കാര്യക്ഷമമായി ഉപയോഗിക്കണം. ഇതിനായി ''സ്റ്റാറ്റസ് റിപ്പോര്‍ട്ട്'', ''ചെക്ക് ലിസ്റ്റ്'' മുതലായ ഉപാധികള്‍ നടപ്പിലാക്കാം. ചെയ്ത കാര്യങ്ങളെക്കുറിച്ച് സുസൂക്ഷ്മം നിരൂപിക്കുന്നതിനാണ് ''സ്റ്റാറ്റസ് റിപ്പോര്‍ട്ട്''. ചെയ്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെ തല്‍സമയം അക്കമിട്ട് വേര്‍തിരിച്ചുകാണിക്കുന്നതാണ് ''ചെക്ക് ലിസ്റ്റ്.'' ടീം അംഗങ്ങള്‍ തമ്മിലുള്ള ഒത്തുകൂടല്‍ പലവിധത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോരുത്തരുടെയും നേട്ടങ്ങളും അനുഭവങ്ങളും പങ്കിടാനും വേണ്ടിവന്നാല്‍ ക്രിയാത്മകമായി വിമര്‍ശിക്കാനും എല്ലാം. ഇത് അംഗങ്ങള്‍ തമ്മിലുള്ള വിശ്വാസവും ധാരണയും വര്‍ധിപ്പിക്കും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗരൂകരാക്കും. ഒത്തുകൂടല്‍ ആഹ്ലാദകരമായ ഒരു അനുഭവമായും മാറ്റാം അല്‍പ്പം തമാശകളും വിനോദവും ആഘോഷങ്ങളുമൊക്കെ അതിന്റെ ഭാഗമാണ്. ജപ്പാന്‍കാരെ ഇക്കാര്യത്തില്‍ മാതൃകയാക്കാം. ടീം അംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്വന്തം നേട്ടങ്ങളെപ്പറ്റി അഭിനന്ദിക്കാനും ആഘോഷിക്കാനുമാണ്. പരാജയങ്ങളെ അധികം അവലോകനം ചെയ്യുന്നത് അംഗങ്ങളുടെ ആത്മവിശ്വാസവും സ്വാഭിമാനവും കുറയ്ക്കുകയേയുള്ളൂവെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ടീമിന്റെ വിജയത്തില്‍ നേതൃത്വത്തിനുള്ള പങ്കിനെപ്പറ്റി പ്രത്യേകം പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍നിന്നും വ്യത്യസ്തമാണ് ടീമില്‍ നേതൃത്വത്തിനുള്ള സ്ഥാനം. ടീമില്‍ എല്ലാ അംഗങ്ങളും തുല്യപങ്കാളികളാണ്; സമാപനപദസ്ഥരാണ്. നേതാവിന് അവരില്‍ ഒന്നാം സ്ഥാനം ഉണ്ടെന്നേയുള്ളൂ. നേതൃത്വം സ്ഥിരമായി ഒരാളിലാവണമെന്നില്ല. സമയപരിധിവച്ചോ കൃത്യങ്ങളുടെ പ്രത്യേക സ്വഭാവമനുസരിച്ചോ അത് അംഗങ്ങള്‍ തമ്മില്‍ വച്ചുമാറാവുന്നതാണ്. ബിസിനസ്സിന്റെ വിവിധ പ്രവര്‍ത്തനമേഖലകളെ പരസ്പരം ബന്ധിച്ചുകൊണ്ടുള്ള ''ക്രോസ് ഫങ്ഷണല്‍'' ടീമുകള്‍ ഇന്ന് സര്‍വസാധാരണമാണ്. ഉദാഹരണത്തിന് ഒരു വ്യവസായശാലയില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി പല ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുമുള്ള ഒരു ടീം രൂപീകരിക്കുന്നു. ഇത് പ്രവര്‍ത്തനത്തിന് വേഗതയും ഗുണമേന്മയും കൂട്ടുന്നു. ''വര്‍ച്വല്‍ ടീം'' എന്ന സംവിധാനത്തെക്കുറിച്ചും കേട്ടിരിക്കും. അംഗങ്ങള്‍ തമ്മില്‍ അടുത്തിടപെടാന്‍ സാഹചര്യങ്ങള്‍ കുറവായ സംഘത്തെയാണ് ''വര്‍ച്വല്‍ ടീം'' എന്ന് വിളിക്കുന്നത്. അംഗങ്ങള്‍ പലപ്പോഴും വിവിധ രാജ്യങ്ങളിലോ വന്‍കരകളിലോ ആയി വിന്യസിക്കപ്പെട്ടിരിക്കും. മുഖ്യമായും ഐടി മേഖലയിലാണ് ഇന്ന് വര്‍ച്വല്‍ ടീമുകള്‍ കൂടുതല്‍ പ്രയോജനമാകുന്നത്. സാങ്കേതിക വിദ്യകള്‍ ദൈനംദിനം പരിഷ്‌കരിക്കപ്പെട്ട് മുന്നേറുന്നതുകൊണ്ട് ഇവയുടെ പ്രവര്‍ത്തനം ഏറെ സുഗമമാകുന്നു. എന്നാല്‍ പരസ്പരം അടുത്തുകൂടി അനുഭവങ്ങളും ആഹ്ലാദങ്ങളും ആശനിരാശകളുമെല്ലാം കൈമാറുന്ന സുഖം വര്‍ച്വല്‍ ടീമുകളില്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഏറെ സംശയമാണ്.